തൊടുപുഴ: ശക്തമായ പേമാരിയിൽ തൊടുപുഴയിലും വ്യാപകമായ നാശനഷ്ടങ്ങൾ. കാളിയാർ പുഴ നിറഞ്ഞൊഴുകിയതിനെ തുടർന്ന് കാളിയാർ, തൊമ്മൻകുത്ത്, തെന്നത്തൂർ, പാറപ്പുഴ മേഖലയിലെ നിരവധി വീടുകളിൽ വെള്ളം കയറി. അഞ്ചനാന്നിക്കൽ കമലാക്ഷിയുടെ വെള്ളം കയറി വീട് അപകടാവസ്ഥയിലായി. കഴിഞ്ഞ വർഷവും ഇവരുടെ വീട്ടിൽ വെള്ളം കയറിയിരുന്നു. പ്രദേശവാസികളായ മുടക്കുഴ രാഘവൻ, തെക്കേവീട്ടിൽ തങ്കമ്മ, എടക്കുന്നേൽ ജോബ്, റാണി ജോസ്, ലീലാമ്മ, ബിജി, സാവിത്രി, ഷംസുദ്ദീൻ തുടങ്ങിയ നിരവധി ആളുകളുടെ വീടുകളിലാണ് വെള്ളപൊക്ക ഭീഷണി നിലനിൽക്കുന്നത്. തുടർന്ന് പാറപ്പുഴ സെന്റ് ജോസഫ് എൽ.പി സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ 11 വീട്ടുകാരെ കൂടി മാറ്റി പാർപ്പിച്ചു. ഇതോടെ ഇവിടെ ക്യാമ്പിൽ താമസിക്കുന്നവരുടെ എണ്ണം 42 ആയി. കഴിഞ്ഞ ദിവസം 80 സെന്റി മീറ്റർ വീതം ആറു ഷട്ടറുകളാണ് മലങ്കര ഡാമിന്റെ തുറന്നു വിട്ടത്. ഇതോടെ തൊടുപുഴയാർ കരകവിഞ്ഞൊഴുകി. തീരമേഖലകളിലെ പുരയിടങ്ങളിലും ചില വീടുകളിലും വെള്ളം കയറി. തൊടുപുഴയെ കൂടാതെ മൂവാറ്റുപുഴ നഗരത്തിലും വെള്ളം കയറി. ഗതാഗതം ഉൾപ്പടെ തടസപ്പെട്ടു. കനത്തമഴയിൽ തൊടുപുഴയാറ്റിൽ ചെളിവെള്ളം നിറഞ്ഞതിനെ തുടർന്ന് അർബൻ ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പിംഗ് മുടങ്ങി. ഇതോടെ നഗരത്തിലെ ശുദ്ധജലവിതരണവും മുടങ്ങി. മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് ഇന്നലെ രാവിലെ തൊടുപുഴ ടൗണിലടക്കം മൈക്ക് അനൗൺസ്‌മെന്റ് നടത്തിയത് ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. ഉച്ചകഴിഞ്ഞതോടെ ആറ് ഷട്ടറുകളും 70 സെന്റീ മീറ്ററിലേയ്ക്ക് താഴ്ത്തി.

എലമ്പിലാക്കാട്ട് ക്ഷേത്രത്തിൽ വെള്ളം കയറി

കുറുമ്പാലമറ്റം തോട് കരകവിഞ്ഞ് എലമ്പിലാക്കാട്ട് ദേവീക്ഷേത്രത്തിൽ വെള്ളം കയറി. കുറുമ്പാലമറ്റം പാലവും പ്രദേശത്തെ നിരവധി കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി.

തൊടുപുഴയിൽ സെൻട്രൽ ജുമാ മസ്ജിദിൽ വെള്ളം

ഇടുക്കി റോഡിലെ സെൻട്രൽ ജുമാ മസ്ജിദിൽ വെള്ളം കയറിയതിനെ തുടർന്ന് ജുമാ നിസ്‌കാരം മുടങ്ങി. ഇമാം അബ്ദുൽ റഷീദ് മൗലവി, പരിപാലനസമിതി സെക്രട്ടറി ബാബു. പി. സെയ്ത് എന്നിവരുടെ നേതൃത്വത്തിൽ സാധനസാമഗ്രികൾ മുകൾ നിലയിലേക്ക് മാറ്റി. തുടർന്ന് 12.45ന് മുകൾ നിലയിൽ ജുമാ നിസ്‌കാരം നടന്നു.

കെ.എസ്.ആർ.ടി.സി സർവീസുകൾ മുടങ്ങി

കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോയിൽ നിന്നുമുള്ള ഒമ്പത് സർവീസുകൾ മുടങ്ങി. തൊടുപുഴ, പാലാ, കോട്ടയം റൂട്ടിലാണ് വെള്ളപ്പൊക്കത്തെ തുടർന്ന് സർവീസ് മുടക്കേണ്ടി വന്നത്. പാലാ, കൊല്ലപ്പള്ളി, ഈരാറ്റുപേട്ട, മൂന്നാർ, ഉപ്പുതോട് എന്നിവിടങ്ങളിലേയ്ക്കുള്ള സർവീസുകളും മുടങ്ങി.


ചെപ്പുകുളം ഒറ്റപ്പെട്ടു

ചെപ്പുകുളം- ചക്കൂരാംമാണ്ടിക്കെട്ട് ഇടിഞ്ഞ് ഗതാഗതം നിലച്ചു. മഴക്കാലത്തെ നിർമാണമാണ് റോഡ് ഇടിയാൻ കാരണമെന്നാണ് ആരോപണം. കഴിഞ്ഞയാഴ്ച ചക്കൂരാംമാണ്ടിക്കെട്ടിനായി അറുപതടിയോളം താഴ്ചയിൽ ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണു നീക്കിയത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഇതോടെ ബസ് സർവീസുകൾ പൂർണമായും നിലച്ച് ഈ ഭാഗത്തെ ജനങ്ങൾ ഒറ്റപ്പെട്ടു. ചെപ്പുകുളത്തുനിന്നും മറ്റു സ്ഥലങ്ങളിലേയ്ക്കുള്ള ഏക ഗതാഗത മാർഗവും ഇതുവഴിയാണ്.

വീടിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു

നിർമാണത്തിലിരുന്ന വീടിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു. വെങ്ങല്ലൂർ തച്ചുകുഴിയിൽ സിനുവിന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. ഇന്നലെ രാവിലെയാണ് സംഭവം.

വൈദ്യുതി മുടങ്ങിയിട്ട് ദിവസങ്ങൾ

മഴയാരംഭിച്ചതോടെ വൈദ്യുതിയില്ലാതെ ഇരുട്ടിൽ നിരവധി പ്രദേശങ്ങൾ. ആലക്കോട്, മീൻമുട്ടി, മാർത്തോമ, ശാസ്താംപാറ എന്നിവിടങ്ങളിൽ നാല് ദിവസം വൈദ്യുതി മുടങ്ങി. മൂന്ന് ദിവസമായി ഗുരുനഗർ മഠത്തിക്കണ്ടം മേഖലയിൽ വൈദ്യുതിയില്ല. പലപ്രദേശങ്ങളിലും ഇത് തന്നെയാണ് സ്ഥതി.