തൊടുപുഴ: 52-ാമത് സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിന് തൊടുപുഴ മുട്ടം റൈഫിൾ ക്ലബ്ബിൽ തുടക്കമായി. 10 മീറ്റർ എയർ റൈഫിൾ, പിസ്റ്റൾ വിഭാഗങ്ങളിലായിരുന്നു ആദ്യദിന മത്സരം. കനത്ത മഴയുടെ പശ്ചാത്തലത്തിൽ വിവിധ ഇടങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾക്ക് എത്താൻ കഴിയാത്തതിനാൽ ശനിയാഴ്ചയോടെ താത്കാലികമായി മത്സരം അവസാനിപ്പിക്കും. പിന്നീട് കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് മറ്റൊരു ദിവസം മത്സരം തുടരാനാണ് തീരുമാനം. സിനിമാതാരവും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ റൈഫിൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.കെ. തോമസ് അദ്ധ്യക്ഷനായി. കേരള റൈഫിൾ അസോസിയേഷൻ പ്രസിഡന്റ് ബൽറാം കുമാർ ഉപാധ്യായ് മുഖ്യ പ്രഭാഷണം നടത്തി. ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറി ഡോ. വി സി ജയിംസ്, ഡോ. ഏലിയാസ് തോമസ് എന്നിവർ സംസാരിച്ചു. ദേശീയ അന്തർദേശീയ താരങ്ങളടക്കം പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ നിശ്ചിത സ്‌കോർ ലഭിക്കുന്നവർക്ക് സൗത്ത് സോൺ, ജീവി മവ്‌ലങ്കർ, ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാം.