death

രാജാക്കാട്: ശാന്തമ്പാറ തോണ്ടിമലയ്ക്ക് സമീപം ചുണ്ടലിൽ കുടുംബത്തിലെ നാല് പേർക്ക് വിഷബാധയേറ്റു. ഇതിൽ ആറ് വയസുകാരൻ മരിച്ചു. ചുണ്ടലിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി സുരേഷിന്റെ മകൻ എൻ.ആർ സിറ്റി സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി സുധീഷാണ് മരിച്ചത്. സുരേഷ് (26), ഭാര്യ അർച്ചന (24), അർച്ചനയുടെ മാതാവ് കർപ്പകം (57) എന്നിവരാണ് വിഷബാധയേറ്റ മറ്റുള്ളവർ. ഗുരുതരാവസ്ഥയിലുള്ള അർച്ചന, കർപ്പകം എന്നിവരെ തേനി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷബാധയുടെ കാരണം വ്യക്തമായിട്ടില്ല.

ചുണ്ടലിൽ രണ്ട് നിലകളുള്ള കെട്ടിടത്തിലെ താഴത്തെ നിലയിൽ സുരേഷും മുകൾ നിലയിൽ ജ്യേഷ്ഠൻ മാണിക്യവുമാണ് കുടുംബസമേതം താമസിക്കുന്നത്. മാണിക്യത്തിനൊപ്പമായിരുന്ന മാതാവ് അന്തോണിയമ്മ രാവിലെ എട്ടരയോടെ സുധീഷിന് നൽകാനായി പാലുമായി മുറിക്കുള്ളിൽ എത്തിയപ്പോൾ കട്ടിലിൽ കുട്ടി മരിച്ച നിലയിൽ കിടക്കുന്നതാണ് കണ്ടത്. മറ്റ് മൂന്നു പേരെ സമീപത്തെ മുറികളിലും അവശനിലയിൽ കണ്ടെത്തി. ഇവർ നിലവിളിച്ച് ബഹളം വച്ചതിനെ തുടർന്ന് മാണിക്യവും മറ്റുള്ളവരും എത്തി. കുട്ടിയെ രാജകുമാരിയിലെയും സുരേഷിനെ ശാന്തമ്പാറയിലെയും സ്വകാര്യ ആശുപത്രികളിലും അർച്ചനയെയും കർപ്പകത്തെയും നെടുങ്കണ്ടം താലൂക്കാശുപത്രിയിലും എത്തിച്ചു. സ്ഥിതി വഷളായതിനെ തുടർന്ന് സ്ത്രീകളെ രണ്ടുപേരെയും ഉച്ചയോടെ തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സുരേഷിന് കാര്യമായ വിഷബാധയേറ്റിട്ടില്ല. ശാന്തമ്പാറ എസ്.ഐമാരായ ബി. വിനോദ്കുമാർ, കെ.പി. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു.

കഴിഞ്ഞ ദിവസം വീട്ടിൽ പാചകം ചെയ്ത് കഴിച്ച ഇറച്ചിയിൽ നിന്ന് വിഷബാധയേറ്റതാകാമെന്നാണ് കരുതിയത്. എന്നാൽ പൊലീസ് പരിശോധനയിൽ വീട്ടിൽ നിന്ന് വിഷക്കുപ്പി കണ്ടെടുത്തിട്ടുണ്ട്. സംശയത്തെ തുടർന്ന് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഫോറൻസിക് വിദഗ്ദ്ധരെത്തി വീട് പരിശോധിക്കും. ഏലം കർഷകരായ കുടുംബം വർഷങ്ങളായി ചുണ്ടലിലാണ് താമസിക്കുന്നത്.