തൊടുപുഴ: കനത്തമഴയിൽ മലങ്കര ഡാം കവിയുന്നതുവരെ കാത്തിരിക്കാതെ മഴക്കാലം മുൻകൂട്ടി കണ്ട് ക്രമീകൃതമായ അളവിൽ ജലം തുറന്നുവിട്ട് തൊടുപുഴയാറിലെ ജലവിതാനം താഴ്ത്തി നിറുത്തുന്നതിന് ശാസ്ത്രീയമായ നടപടികൾ സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. കനത്ത മഴയിൽ വിവിധ സ്രോതസുകളിലൂടെ ഒഴുകിയെത്തുന്ന ജലവും മലങ്കര ഡാം തുറന്നുവിടുമ്പോൾ ഉണ്ടാകുന്ന ജലവും ചേർന്ന് താഴ്ന്ന പ്രദേശങ്ങളിൽ പ്രളയം സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. എം.വി.ഐ.പി കനാലുകൾ ഉൾപ്പെടെ തുറന്നും ശാസ്ത്രീയ പഠനം നടത്തിയും പുഴയിലെ ജലനിരപ്പ് കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഇടുക്കി കളക്ടേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ എം.പി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ തൊടുപുഴ നഗരസഭയും ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണയും സഹകരണവും എം.പി വാഗ്ദാനം ചെയ്തു.