ഇടുക്കി: മഴയുടെ ശക്തി കുറഞ്ഞെങ്കിലും അണക്കെട്ടുകളിലെ നീരൊഴുക്കിന് കാര്യമായ കുറവില്ല. ഇടുക്കി അണക്കെട്ടിൽ 100.7 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് 24 മണിക്കൂറിനുള്ളിൽ ഒഴുകിയെത്തിയത്. വെള്ളിയാഴ്ച 135.532 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമായിരുന്നു ഒഴുകിയെത്തിയത്.
ഇടുക്കി ഡാമിലെ ജലനിരപ്പ് 24 മണിക്കൂറിൽ മൂന്നര അടിയിലേറെ ഉയർന്നു. ഇന്നലത്തെ ജലനിരപ്പ് 2336.66 അടിയാണ്. ഇത് സംഭരണശേഷിയുടെ 35 ശതമാനമാണ്. വെള്ളിയാഴ്ച ജലനിരപ്പ് 2333.12 അടിയായിരുന്നു. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്. 32.4 മില്ലിമീറ്റർ മഴയാണ് ഇന്നലെ ലഭിച്ചത്. 192.2 മില്ലിമീറ്റർ മഴയാണ് വെള്ളിയാഴ്ച പെയ്തത്.
125അടിയായിരുന്ന മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് രണ്ടര അടിയിലേറെ കൂടി 127.60 ലെത്തി. 142 അടിയാണ് അനുവദനീയമായ സംഭരണശേഷി. ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൂടി. 6950 ഘനയടി ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. വെള്ളിയാഴ്ച ഇത് 6800 ഘനയടിയായിരുന്നു. തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് 1100 ഘന അടിയിൽ നിന്ന് 950 ആയി കുറച്ചു. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞു. ഡാം പരിസരത്ത് 43.20 മില്ലീമീറ്ററും ബോട്ട് ലാൻഡിംഗിൽ 96.0 മില്ലിമീറ്ററും മഴയാണ് പെയ്തത്.
ഇന്നലെ വൈകിട്ട് പൊന്മുടി ഡാമിന്റെ ഷട്ടർ കൂടി ഉയർത്തി. മൂന്ന് ഷട്ടറുകളിൽ ഒന്ന് 30 സെന്റിമീറ്ററാണ് ഉയർത്തിയത്. അണക്കെട്ടുകളായ മലങ്കര, പാംബ്ല, കല്ലാർ, കല്ലാർകുട്ടി, ഇരട്ടയാർ, മൂന്നാർ ഹെഡ്‌വർക്ക്‌സ് എന്നിവയുടെ ഷട്ടർ നിലവിൽ ഉയർത്തിയിട്ടുണ്ട്.
വൈദ്യുതി ഉത്പാദനം കുറച്ചു
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞതോടെ മൂലമറ്റം വൈദ്യുതി നിലയത്തിൽ ഉത്പാദനം കുറച്ചു. 1.039 ദശലക്ഷം യൂണിറ്റായിരുന്നു ഉത്പാദനം. 0.065 എം.സി.എം വെള്ളം പവർ ഹൗസിലേക്ക് ഒഴുക്കുന്നുണ്ട്. 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളിൽ നാലെണ്ണം പ്രവർത്തിക്കുന്നുണ്ട്. 1.419 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ഇന്നലെ ഉത്പാദിപ്പിച്ചത്.