ഇടുക്കി: മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നിന്ന് 23 ആദിവാസികുട്ടികളെ കാണാതായത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. ശക്തമായ മഴയെ തുടർന്ന് പുലർച്ചെ അഞ്ചിന് വീടുകളിലേക്ക് പോയ കുട്ടികളെയാണ് കാണാതായെന്ന വാർത്ത പരന്നത്. ഇതോടെ അധികൃതരും കുട്ടികളുടെ രക്ഷിതാക്കളുമെല്ലാം പരിഭ്രാന്തിയിലായി. മാങ്കുളം കുടിയിൽ നിന്ന് അഞ്ച്, മറയൂരിൽ നിന്ന് ആറ്, ഇടമലക്കുടിയിലെ പെട്ടിമുടികിടിയിൽ നിന്ന് 12 എന്നിങ്ങനെയാണ് കുട്ടികളെ കാണാതായത്. സ്‌കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസും വനം വകുപ്പും ചേർന്ന് അന്വേഷണം ആരംഭിച്ചു. ആദ്യം 12 പേർ കുടിയിലെത്തിയതായി കണ്ടെത്തി. ഉച്ചകഴിഞ്ഞതോടെ ബാക്കിയുള്ളവരെയും കണ്ടെത്തി. 11 കുട്ടികളെ എടമലക്കുടിയിലും ആറു പേരെ മാങ്കുളം ആദിവാസിക്കുടിയിലും 5 പേരെ മറയൂർ ആദിവാസിക്കുടിയിലും സൂരക്ഷിതമായെത്തിച്ചു. ഒരു കുട്ടിയെ രാജമലയിൽ നിന്ന് തിരികെ എം.ആർ.എസിൽ എത്തിച്ചു. എല്ലാവരും ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ്.
23 കുട്ടികളും സുരക്ഷിതരാണെന്ന് ദേവികുളം സബ് കളക്ടർ ഡോ.രേണു രാജ് അറിയിച്ചു. ജില്ലയിലെ വിവിധ ആദിവാസികുടികളിൽ നിന്നുള്ള നൂറോളം കുട്ടികളാണ് മൂന്നാർ മോഡൽ റസിഡന്യഷ്യൽ സ്‌കൂളിൽ പഠനം നടത്തുന്നത്. എന്നാൽ സ്‌കൂൾ അധികൃതരുടെ വീഴ്ചയാണ് കുട്ടികളെ കാണാതാകാൻ കാരണമെന്ന് ആരോപണം ഉയരുന്നുണ്ട്. മഴ ശക്തമായ സാഹചര്യത്തിൽ കുട്ടികൾ കുടികളിലേയ്ക്ക് മടങ്ങിയതെന്നാണ് കരുതുന്നത്. കഴിഞ്ഞ തവണയും കുട്ടികൾ ഇത്തരത്തിൽ സ്‌കൂളിൽ നിന്ന് പോയിരുന്നതായി പറയപ്പെടുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു.