തൊടുപുഴ: തിയേറ്റർ വളപ്പിൽ നിന്ന് വാഹനം പുറത്തിറക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ രണ്ട് ഡി.വൈ.എഫ്‌.ഐ പ്രവർത്തകർക്കും മൂന്നു തിയേറ്റർ ജീവനക്കാർക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 9.30ന് ആശിർവാദ് തിയറ്ററിന് മുന്നിലായിരുന്നു സംഭവം. ഡി.വൈ.എഫ്‌.ഐ യൂണിറ്റ് സെക്രട്ടറി മാത്യൂസ് കൊല്ലപ്പള്ളി രാത്രി തിയേറ്ററിൽ വാഹനവുമായി എത്തിയിരുന്നു. ഈ വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് നിന്ന് പുറത്തേക്കിറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിന്റെ തുടക്കം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: തിയേറ്റർ ജീവനക്കാർ വാഹനത്തിൽ കൈകൊണ്ട് ബലമായി തട്ടിയെന്നാരോപിച്ച് വാഹനത്തിലുണ്ടായിരുന്നവരും തിയേറ്റർ സുരക്ഷാ ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി. ഇതോടെ വാഹനത്തിന്റെ ഡിക്കിയിൽ നിന്ന് കമ്പിയെടുത്ത് കാർ യാത്രക്കാർ ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചു. ജീവനക്കാർ കമ്പിവടി പിടച്ചു വാങ്ങി കാറിനടിയിലേക്കിട്ടതിനു ശേഷം തിയേറ്റർ കോമ്പൗണ്ടിലുണ്ടായിരുന്ന നോ പാർക്കിംഗ് ബോർഡുപയോഗിച്ച് മാത്യൂസിനെ ആക്രമിച്ചു. ആക്രമണത്തിൽ മാത്യൂസിന്റെ കൈയൊടിഞ്ഞു. വിവരമറിഞ്ഞ് പിന്നീട് കൂടുതൽ ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ സ്ഥലത്തെത്തി. അക്രമം നടത്തിയ തിയേറ്റർ ജീവനക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇവർ തിയേറ്ററിന് മുന്നിൽ സംഘടിച്ചു. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. ഇതിനിടെ മുതലക്കോടം മേഖലാ സെക്രട്ടറി പി.എം. ഷെമീറിനു പരിക്കേറ്റു. ഒരു പൊലീസുകാരനും ചെറിയ പരിക്കേറ്റു. പരിക്കേറ്റ ഡി.വൈ.എഫ്‌.ഐ പ്രവർത്തകരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ പരിക്കേറ്റ തിയേറ്റർ മാനേജർ നിനീഷ് ജോർജ്, ജീവനക്കാരായ അഗസ്റ്റിൻ സണ്ണി, സി.ആർ. രാഹുൽ എന്നിവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ച് തിയേറ്റർ ജീവനക്കാർക്കെതിരെ കേസെടുത്തതായി എസ്‌.ഐ പറഞ്ഞു. ഇതിനിടെ സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് തീയേറ്ററിനു മുമ്പിൽ ഡി.വൈ.എഫ്‌.ഐയുടെ നേതൃത്വത്തിൽ ഉപരോധ സമരവും നടത്തി. രാവിലെ തിയറ്ററിനു മുന്നിൽ കനത്ത പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു.