കുടയത്തൂർ: കനത്ത മഴയെ തുടർന്ന് കുടയത്തൂർ - കൈപ്പ - മുതിയാൻമല റോഡിന്റെ ഏതാനും ഭാഗം താഴേക്ക് ഒലിച്ച് പോയി. റോഡ്‌ തകർന്ന് താഴേക്ക് ഒഴുകിയിറങ്ങുന്ന ഭാഗത്ത് കുടുംബമായി താമസിച്ചിരുന്ന കൊല്ലംകുന്നേൽ ജോസഫ് (കുഞ്ഞാപ്പച്ചൻ), നെല്ലിയാങ്കൽ സാം ജോർജ്, വടക്കേതിൽ ഗ്രേസി ഇവരുടെ മക്കൾ, കൊച്ചു മക്കൾ ഏവരും അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാവിലെ 8.30 നാണ് സംഭവം.പി എം ജി എസ് വൈ പദ്ധതി പ്രകാരം 127 ലക്ഷം രൂപ മുടക്കി നിർമാണം പുരോഗമിക്കുന്ന റോഡാണിത്. റോഡ്‌ കടന്ന് പോകുന്ന താഴ്‌വാരം ഭാഗത്ത്‌ 40 അടി ഉയരത്തിൽ 60 മീറ്റർ നീളത്തിലാണ് റോഡ്‌ ഒലിച്ച് പോയത്. താഴ്‌വാരം ഭാഗത്ത്‌ റോഡിനോട് ചേർന്നുള്ള അമ്മാനപ്പള്ളി ജോസഫിന്റെ പറമ്പിൽ ക്രമാതീതമായി മഴ വെള്ളം തളം കെട്ടി നിന്നിരുന്നു. ഇവിടേക്ക് മുകൾ ഭാഗത്ത് നിന്നും കൂടുതലായി മഴവെള്ളം കുലം കുത്തി ഒഴുകിയിറങ്ങിയതോടെ പുതിയതായി നിർമ്മാണം നടക്കുന്ന റോഡിന്റെ ഭിത്തി തള്ളിപ്പോയതാണ് അപകടത്തിന് കാരണം. മുകളിൽ നിന്ന് ചെളി മണ്ണും വലിയ പാറക്കഷ്ണങ്ങളും ഒഴുകിയെത്തി അമ്മാനപ്പള്ളി ഔതക്കുട്ടി, തെക്കേൽ ഗ്രേസി, കൊല്ലംകുന്നേൽ ജോസഫ് (കുഞ്ഞാപ്പച്ചൻ), നെല്ലിയാങ്കൽ സാം ജോർജ് എന്നിവരുടെ കാർഷിക വിളകൾ 4 ഏക്കറോളം സ്ഥലത്തെ കൃഷിദേഹണ്ഡങ്ങൾ പൂർണ്ണമായും നശിച്ചു. റവന്യു, പഞ്ചായത്ത്‌, പൊലീസ് അധികൃതർ സ്ഥലത്ത് എത്തിയെങ്കിലും എത്ര രൂപയുടെ നാശ നഷ്ടം സംഭവിച്ചു എന്ന് കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. 914 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന റോഡിന് വെള്ളം ഒഴുകി പോകാൻ സൗകര്യത്തിൽ കലുങ്ക് നിർമ്മിക്കണമെന്ന് പ്രദേശ വാസികൾ ബന്ധപ്പെട്ടവരെ ആദ്യം തന്നെ അറിയിച്ചിരുന്നു എന്നാൽ എസ്റ്റിമേറ്റിൽ ഇല്ല എന്ന കാരണത്താൽ കലുങ്കുകളുടെ നിർമ്മാണം ഒഴിവാക്കിയാണ് റോഡ്‌ പൂർത്തീകരിക്കുന്നത്. ഈ റോഡിന്റെ നിർമ്മാണം കഴിഞ്ഞ വർഷം പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ സാങ്കേതിക കാരണത്തിന്റെ പേര് പറഞ്ഞ് നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല. റോഡ് തകർന്നതിനു സമീപത്തായി ഒരു പാറമട പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള വെള്ളവും അമ്മാനപ്പള്ളിൽ ജോസഫിന്റെ പറമ്പിലേക്കാണ് ഒഴുകിയെത്തുന്നത്. റോഡിൽ സംരക്ഷണ ഭിത്തി നിർമ്മിച്ചിരിക്കുന്നത് കാൽ ഇഞ്ച് ഘനമുള്ള കമ്പി ഉപയോഗിച്ചാണെന്നും ഇത് വലിയ അപകടത്തിന് കാരണമാകുമെന്നും പ്രദേശ വാസികൾ പറഞ്ഞു.