sss

ഇടുക്കി: കനത്ത മഴയ്ക്ക് ശമനമായതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ആളുകൾ വീട്ടിലേക്ക് മടങ്ങി തുടങ്ങി. അപകട ഭീഷണി മുൻനിർത്തി സുരക്ഷാ മുൻകരുതലായി ക്യാമ്പുകളിലെത്തിയവരാണ് മഴ കുറഞ്ഞതോടെ സ്വന്തം വീടുകളിലേക്കും ബന്ധുവീടുകളിലേയ്ക്കുമായി മടങ്ങിപ്പോയത്. വീടിന് പൂർണ്ണമായോ ഭാഗികമായോ നാശം സംഭവിച്ചവർ ഇപ്പോഴും ക്യാമ്പിൽ തുടരുന്നു. കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കണ്ടറി സ്‌കൂളിലെ ക്യാമ്പിൽ 85 കുടുംബങ്ങളിൽ നിന്നായി 289 പേരാണ് അധിവസിച്ചിരുന്നത്. നിലവിൽ 12 കുടുംബങ്ങളിൽ നിന്നുള്ള 39 പേർ മാത്രമാണുള്ളത്. ഇതിൽ ഏഴു പേർ കുട്ടികളാണ്. ഉപ്പുതറ പഞ്ചായത്തിലെ ചപ്പാത്ത് കമ്യൂണിറ്റി ഹാളിലെ ക്യാമ്പിലുണ്ടായിരുന്നവർ വീടുകളിലേക്ക് മടങ്ങിയതിനാൽ ക്യാമ്പ് പിരിഞ്ഞു.

21 പേരാണ് ഇവിടെ ഉണ്ടായിരുന്നത്. 90 പേരുണ്ടായിരുന്ന ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പിൽ ഇപ്പോൾ 18 കുടുംബങ്ങളിൽ നിന്നായി 42 പേരാണുള്ളത്. കാഞ്ചിയാർ വനിതാ സാംസ്‌കാരിക നിലയത്തിലെ ക്യാമ്പിൽ 44 കുടുംബങ്ങളിൽ നിന്നായി 74 ആളുകൾ അധിവസിക്കുന്നു. മഴ കുറയുന്ന സാഹചര്യത്തിൽ വീടുകളിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇവരിൽ പലരും. എല്ലാ ക്യാമ്പുകളിലും വിവിധ ആരോഗ്യ വിഭാഗങ്ങളുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘവുംസുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരും പ്രവർത്തന സന്നദ്ധരായി അംഗൻവാടി, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധസംഘടനാ പ്രവർത്തകർ തുടങ്ങിയവർ പ്രവർത്തിച്ചുവരുന്നു.

കട്ടപ്പന നഗരസഭ പരിധിയിൽ മഴക്കെടുതിയിൽ നാശനഷ്ടം സംഭവിച്ചവരുടെ വിവര ശേഖരണം ആരംഭിച്ചു. മുളകരമേട്, തവളപ്പാറ, കുന്തളംപാറ മേഖലകളിലാണ് കൂടുതലായും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. പൂർണമായും ഭാഗികമായും നിരവധി വീടുകൾ തകർന്നിട്ടുണ്ട്. ഏക്കറുകണക്കിന് കൃഷിഭൂമി ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. നഷ്ടം സംഭവിച്ചതിന്റെ കൃത്യമായ കണക്ക് സർക്കാർ തലങ്ങളിൽ സമയബന്ധിതമായി നൽകിയെങ്കിലേ സഹായങ്ങളും യഥാസമയം ലഭിക്കൂ. ഇതിനായിട്ടാണ് നഗരസഭയുടെ നേതൃത്വത്തിൽ വിവരശേഖരണം നടത്തുന്നത്. പൂർണമായും തകർന്ന വീടുകൾ, ഭാഗികമായി തകർന്ന വീടുകൾ, നാശനഷ്ടം സംഭവിച്ച വീട്ടുപകരണങ്ങൾ എന്നിങ്ങനെയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഇതിനായി രൂപീകരിച്ച ജോയിന്റ് കമ്മിറ്റി അംഗങ്ങൾ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും തകർന്ന വീടുകൾ, ഒലിച്ചുപോയ കൃഷിയിടങ്ങൾ തുടങ്ങിയവയെല്ലാം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി, കട്ടപ്പന
വില്ലേജ് ഓഫീസർ ജയ്സൺ ജോർജ്, നഗരസഭാ സെക്രട്ടറി വി.ബി. അജിത്ത് കുമാർ, ഓവർസിയർ ദീപാമോൾ സ്‌കറിയ, വാർഡ് കൗൺസിലർമാർ എന്നിവർ ദുരിതമേഖലകൾ സന്ദർശിച്ചു.


ജില്ലയിൽ കളക്ഷൻ സെന്ററുകൾ തുറന്നു

ജില്ലയിലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ആറ് ഇടങ്ങളിൽ കളക്ഷൻ സെന്ററുകൾ തുറന്നു. ദേവികുളം താലൂക്കാഫീസ്, പീരുമേട് താലൂക്കാഫീസ്, ഉടുമ്പൻചോല താലൂക്കാഫീസ്, തൊടുപുഴ താലൂക്കാഫീസ്, ഇടുക്കി താലൂക്കാഫീസ്, കട്ടപ്പന വില്ലേജാഫീസ് എന്നിവിടങ്ങളിലാണ് ആരംഭിച്ചിരിക്കുന്നത്. ഓരോന്നിന്റെയും ചുമതല അതത് തഹസീൽദാർമാർക്കാണ്.

 ദേവികുളം താലൂക്കാഫീസ് 04865 264231, 9447026414
 പീരുമേട് താലൂക്കാഫീസ് 04869 232077, 9447023597
 ഉടുമ്പൻചോല താലൂക്കാഫീസ് 04868 232050, 9447023809
 തൊടുപുഴ താലൂക്കാഫീസ് 04862 222503, 9447029503
 ഇടുക്കി താലൂക്കാഫീസ് 04862 235361, 8547618434
 കട്ടപ്പന വില്ലേജാഫീസ് 04868 273300, 8547613221

ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ

അ‍ഞ്ച് താലൂക്കുകളിലായി 21 ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ഇതിൽ 376 കുടുംബങ്ങളിൽ നിന്നായി 1056 പേരാണുള്ളത്. 395 പുരുഷന്മാരും 421 സ്ത്രീകളും 214 കുട്ടികളുമാണുള്ളത്. പീരുമേട് താലൂക്കിലാണ് കൂടുതൽ ക്യാമ്പുകൾ- 9. ദേവികുളത്ത്- 5, ഇടുക്കി- 4, ഉടുമ്പൻചോല- 2, തൊടുപുഴ- 1 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 76 പേർ 60 വയസിനു മുകളിലുള്ള പുരുഷന്മാരും 80 പേർ 60 വയസിനു മുകളിലുള്ള സ്ത്രീകളുമാണ്.