തൊടുപുഴ: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ഫുഡ് സേഫ്‌റ്റി ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ ഭക്ഷണ ഉത്പാദന വിതരണ മേഖലയിലുള്ളവർക്കായി ഫുഡ് സേഫ്‌റ്റി ട്രെയിനിംഗ് ആന്റ് സർട്ടിഫിക്കേഷൻ കോഴ്സും (FOSTAC) വൃത്തിയുള്ള അന്തരീക്ഷത്തിൽ ശുദ്ധമായ ഭക്ഷണം എന്ന മുദ്രാവാക്യവുമായി ജില്ലയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ശുചിത്വ മാസാരണവും നടത്തുന്നു. KHRA യുടെ ആഭിമുഖ്യത്തിൽ സ്ഥാപനങ്ങൾ പരിശോധിച്ച് വേണ്ട നിർദേശങ്ങൾ നൽകുന്നതിന് ഹൈജീൻ മോനിട്ടറിംഗ് സ്‌ക്വാഡും പ്രാവർത്തികമാക്കുകയാണ്. പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം 14ന് തൊടുപുഴ മൂപ്പിൽകടവ് പാലത്തിന് സമീപമുള്ള ജോയാൻസ് റീജൻസിയിൽ നടത്തും. കോഴ്സിന്റെ ഉദ്ഘാടനം രാവിലെ ഒമ്പതിന് ജില്ലാ ഫുഡ് സേഫ്‌റ്റി അസി. കമ്മീഷർ ബെന്നി ജോസഫ് നിർവഹിക്കും. ഫുഡ് സേഫ്‌റ്റി ഓഫീസർ എം.എൻ. ഷംസിയ, KHRA ജില്ലാ രക്ഷാധികാരി അബ്ദുൾഖാദർ ഹാജി, ജില്ലാ സെക്രട്ടറി വി. പ്രവീൺ, ട്രഷറർ ജയൻ ജോസഫ്, നാവൂർ കനി എന്നിവർ പ്രസംഗിക്കും. ശുചിത്വമാസാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ ജസി ആന്റണി നിർവഹിക്കും. കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ മുഖ്യാതിഥിയായി പങ്കെടുക്കും. KHRA ജില്ലാ പ്രസിഡന്റ് എം.എൻ. ബാബു അദ്ധ്യക്ഷത വഹിക്കും. DMO ടെക്നിക്കൽ അസിസ്റ്റന്റ് കെ.എൻ. വിനോദ്, തൊടുപുഴ നഗരസഭ ഹെൽത്ത് സൂപ്പർവൈസർ എൻ.പി. രമേശ്, പ്രശാന്ത് കുട്ടപ്പാസ്, പി.കെ. മോഹനൻ, പി.എ. പോളി, എം.ആർ. ഗോപൻ എന്നിവർ പ്രസംഗിക്കും. ലോകഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളുടെ മികവിന് സംസ്ഥാന അവാർഡ് ലഭിച്ച ഇടുക്കി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് തലവൻ ബെന്നി ജോസഫിനെ KHRA യുടെ ആഭിമുഖ്യത്തിലുള്ള ആദരം നഗരസഭ ചെയർപേഴ്സൺ നൽകും.