ഇടുക്കി: ഉരുൾപൊട്ടൽ ഭീഷണി ഉയർത്തുന്ന ജില്ലയിലെ ചെറുതും വലുതുമായ അനധികൃത ചെക്ഡാമുകൾ പൊളിക്കണമെന്ന് മഴക്കെടുതി അവലോകന യോഗത്തിൽ ആവശ്യമുയർന്നു. ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ പുനരധിവസിപ്പിക്കുന്ന കാര്യവും അനധികൃത തടയണകളുടെ ഭീഷണിയും വീടുകളുടെ സംരക്ഷണഭിത്തികൾ തകർന്നതും ഇടുക്കിയുടെ പ്രത്യേക വിഷയമായി മന്ത്രിസഭായോഗത്തിൽ ഉന്നയിക്കുമെന്ന് മന്ത്രി പറഞ്ഞു. എന്നാൽ കുതിർന്ന മണ്ണിൽ വലിയ മനുഷ്യ ഇടപെടൽ നടത്തുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. തള്ളക്കാനം മുതൽ ചേലച്ചുവട് വരെ മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ അധിവസിക്കുന്നവർക്ക് മഴയ്ക്കു മുമ്പേ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറുന്നതിന് നോട്ടീസ് നൽകിയിരുന്നെന്നും എന്നാൽ ആരും മാറാൻ കൂട്ടാക്കിയിട്ടില്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു. കെ.എസ്.ഇ.ബിയിൽ പരാതി സ്വീകരിക്കാൻ സൗകര്യമൊരുക്കണമെന്ന് ഇ.എസ്. ബിജിമോൾ എം.എൽ.എ ആവശ്യപ്പെട്ടു. വണ്ടിപ്പെരിയാർ- കുമളി ദേശീയപാതയിൽ വെള്ളക്കെട്ട് രൂപപ്പെടുന്ന അക്കിക്കവല മുതൽ രണ്ട് കിലോമീറ്റർ ദൂരത്തെ പാർശ്വതോടിന് വീതിയും ആഴവും കൂട്ടിയാൽ പ്രശ്നം പരിഹരിക്കാനാകുമെന്നും ഇതിന് ഉടൻ യോഗം വിളിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.എല്ലാ പൊലീസ് സ്റ്റേഷനിലും മെഷീൻ സോ (യന്ത്രവാൾ) ലഭ്യമാക്കാൻ മന്ത്രി നിർദ്ദേശിച്ചു. അപകടകരമായ നിലയിലുള്ള മരങ്ങൾ മുറിച്ചു നീക്കുന്നത് വനം വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്ന് ആർ.എഫ്.ഒ പറഞ്ഞു. മാങ്കുളം കുട്ടമുടികുടിയിലെ 24 കുടുംബങ്ങൾ മണ്ണിടിച്ചിലിൽ ഒറ്റപ്പെട്ടവർക്ക് ഭക്ഷണവും അവശ്യ സാധനങ്ങളുമെത്തിച്ചെന്ന് ഐ.ടി.ഡി.പി ഓഫീസർ അറിയിച്ചു. ഡീൻ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ, എ.ഡി.എം ആന്റണി സ്‌കറിയ, ആർ.ഡി.ഒ അതുൽ എസ്. നാഥ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ്‌കുമാർ, പൊതുമരാമത്ത് റോഡ്സ് എക്സിക്യൂട്ടീവ് എൻജിനീയർ വി.പി. ജാഫർഖാൻ, നാഷണൽ ഹൈവേ എ.ഇ. അർജുൻ രാജ് കെ, നഗരമ്പാറ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രത്തൻകുമാർ, ഡി.എം.ഒ ഡോ. എൻ. പ്രിയ എന്നിവർ പങ്കെടുത്തു.
ചുരുളിയിൽ ഒറ്റവരി ഗതാഗതം
ചുരുളിയിൽ മണ്ണിടിഞ്ഞ് വീണും റോഡ് ഇടിഞ്ഞും ഗതാഗത തടസമുണ്ടായിരുന്നിടത്ത് ഒറ്റവരി ഗതാഗതത്തിന് യോഗ്യമാക്കിയെന്ന് പൊതുമരാമത്ത് വിഭാഗം പറഞ്ഞു. ചുരുളി- ഉപദേശിക്കുന്ന് റോഡ്, ചേലച്ചുവട്- പെരിയാർവാലി റോഡ്, കല്ലിങ്കൽപ്പടി പാലം, മങ്ങാട്ടുപടിപാലം, ആയത്തുപാടത്തുപടിപാലം എന്നിവ തകർന്നിരിക്കുകയാണ്. അടിയന്തരമായി ഇടപെടണമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ ആവശ്യപ്പെട്ടു. ഇവ സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കാൻ യോഗം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി.