ഇടുക്കി: വീട്, ഓട, കുളം തുടങ്ങിയവ ശുചീകരണം നടത്തിയവരും കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇറങ്ങിയവരും എലിപ്പനിക്കെതിരെ പ്രതിരോധ മരുന്ന് കഴിക്കണമെന്നും പനി ബാധിച്ചാൽ എത്രയും വേഗം നിർബന്ധമായും ഡോക്ടറെ കാണുകയും സ്വയം ചികിത്സ ഒഴിവാക്കണമെന്നും എലിപ്പനിക്കുള്ള ചികിത്സ ആരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യമായി ലഭിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ പറഞ്ഞു.
എങ്ങനെ തടയാം
മലിനജല സമ്പർക്കം കഴിയുന്നത്ര ഒഴിവാക്കുക
മലിനജലത്തിലിറങ്ങിയാൽ ഗംബൂട്ടുകളും കൈയുറകളും ധരിക്കുക
ശുചീകരണത്തിൽ ഏർപ്പെടുന്നവർ ഓരോ ആഴ്ചയും ഒരു ദിവസം 100 മില്ലിഗ്രാമിന്റെ രണ്ട് ഡോക്സി സൈക്ലിൻ ഗുളിക കഴിക്കുക
ലക്ഷണങ്ങൾ
കടുത്ത പനി, പേശീ വേദന തലവേദന, കണ്ണിന് ചുവപ്പ്, ശർദ്ദി, ഓക്കാനം, മൂത്രത്തിന് മഞ്ഞ, കടുത്ത നിറം എന്നിവ ഉണ്ടെങ്കിൽ എലിപ്പനി ആണെന്ന് സംശയിക്കാം.
ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പുകൾ
ജില്ലയിലെ അഞ്ച് താലൂക്കുകളിലായി 15 ക്യാമ്പുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പീരുമേട് താലൂക്കിലാണ് ഏറ്റവും കൂടുതൽ- ആറ്. ദേവികുളം- മൂന്ന്, ഇടുക്കി- മൂന്ന്, ഉടുമ്പൻചോല- രണ്ട്, തൊടുപുഴ- ഒന്ന് എന്നിങ്ങനെയാണ് മറ്റ് ക്യാമ്പുകളുടെ എണ്ണം. 165 കുടുംബങ്ങളിൽ നിന്നായി 513 പേരാണ് ക്യാമ്പിലുള്ളത്. അതിൽ 156 പുരുഷന്മാരും 175 സ്ത്രീകളും 117 കുട്ടികളുമുണ്ട്. 33 പേർ 60 വയസിനു മുകളിലുള്ള പുരുഷന്മാരും 32 പേർ 60 വയസിനു മുകളിലുള്ള സ്ത്രീകളുമാണ്.