രാജാക്കാട്: പൂപ്പാറ തോണ്ടി മലയ്ക്കു സമീപം ചൂണ്ടലിൽ കുടുംബത്തിലെ നാല് പേർക്ക് വിഷബാധയേറ്റ സംഭവത്തിൽ ദുരൂഹത. തോട്ടം തൊഴിലാളിയായ സുരേഷ് (27), ഭാര്യ അർച്ചന (24), അർച്ചനയുടെ മാതാവ് കർപ്പകം (57) എന്നിവരെ അവശ നിലയിലും മകൻ സുധീഷിനെ മരിച്ച നിലയിലുമാണ് ശനിയാഴ്ച രാവിലെ കണ്ടത്. രാജകുമാരിയിലെ ആശുപത്രിയിൽ എത്തിപ്പോഴാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലുള്ള കർപ്പകം,​ അർച്ചന എന്നിവർ തേനി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ശാന്തൻപാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരേഷിന് കാര്യമായ വിഷബാധയേറ്റിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ സുധീഷിന്റെ മൃതദേഹം ഇന്നലെ ഉയോടെ ബി. എൽ റാവിലെ വേളാങ്കണ്ണി മാതാ പള്ളിയിൽ സംസ്‌കരിച്ചു. കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ചതായാണ് വിവരം. എന്നാൽ കഴിഞ്ഞ ദിവസം പാകം ചെയ്ത് കഴിച്ച മാംസത്തിൽ നിന്ന് വിഷബാധയേറ്റു, ജറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ചു എന്നിങ്ങനെ വ്യത്യസ്ത മൊഴികൾ ആണ് ബന്ധുക്കളും ചികിത്സയിൽ കഴിയുന്നവരും പൊലീസിന് നൽകിയത്. വഴക്കോ കുടുംബ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും ഇവർ പറയുന്നു. ശാന്തൻപാറ എസ്.ഐമാരായ ബി. വിനോദ്കുമാർ, കെ.പി രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കുമിൾനാശിനിയുടെ കുപ്പി ലഭിച്ചത് സംശയം ഉണ്ടാക്കുന്നു. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തി. തേനി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കർപ്പകത്തിന്റെയും അർച്ചനയുടെയും മൊഴി രേഖപ്പെടുത്താൻ ശാന്തൻപാറ സി.ഐ പ്രദീപ്കുമാറിന്റെ നേത്യത്വത്തിൽ അന്വേഷണ സംഘം ഇന്നലെ തേനിക്ക് തിരിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.