മൂലമറ്റം: കനത്ത മഴയിൽ ഒഴുകി പോയ മൂലമറ്റം കോട്ടമല റോഡും കൈപ്പ മുതിയാൻമല കുടയത്തൂർ റോഡും മന്ത്രി സി. രവീന്ദ്രനാഥ് സന്ദർശിച്ചു. റോഡിന്റെ രണ്ടു വശത്തുമായി വസിക്കുന്ന ജനങ്ങൾ ഒറ്റപ്പെട്ടു പോയ അവസ്ഥയാണ് നിലനിൽക്കുന്നത്. മൂലമറ്റം കോട്ടമല റോഡ് എത്രയും വേഗം പുനർ നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രദേശവാസികൾക്ക് കടന്നുപോകാവുന്നതിന് താത്കാലിക ഗതാഗത സൗകര്യത്തിനായി ചെറിയ പാലം അടിയന്തരമായി നിർമിക്കും. സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 32 കോടി രൂപ ഈ റോഡിന് അനുവദിച്ചിട്ടുള്ളതാണ്., ഈ തുക ഉപയോഗിച്ച് റോഡു പണിയുന്നതിനു വേണ്ട നടപടികൾ ആരംഭിക്കാൻ ധനമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയൻ, അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ഗോപിനാഥ്, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, ഏരിയ സെക്രട്ടറി കെ.എൽ. ജോസഫ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
റോഡ് തകരാൻ കാരണം ക്രമക്കേടെന്ന് നാട്ടുകാർ
രണ്ട് റോഡുകളുടെയും നിർമ്മാണത്തിൽ വൻ ക്രമക്കേടുകൾ നടന്നതായി പ്രദേശവാസികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഒരു വർഷം മുമ്പ് എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് മൂലമറ്റം കോട്ടമല റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. രണ്ട് റോഡിന്റെയും സംരക്ഷണ ഭിത്തി കെട്ടിയപ്പോൾ വാനം മാന്തി ഉറപ്പോടെ കെട്ടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അതൊന്നും പരിഗണിച്ചില്ല. വെള്ളം ഒഴുകി പോകുന്നതിന് കലുങ്കിന് സമീപം വലിയ പൈപ്പുകൾ സ്ഥാപിക്കണമെന്നും ആരംഭഘട്ടത്തിൽ തന്നെ അധികൃതരെ അറിയിച്ചിരുന്നെങ്കിലും നിരാകരിച്ചു. കഴിഞ്ഞ പ്രളയത്തിൽ മൂലമറ്റം കോട്ടമല റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന് കോൺക്രീററ് ബീം മാത്രമാണ് അവശേഷിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം അവശേഷിച്ചിരുന്ന കോൺക്രീറ്റ് ബീമും പൂർണമായും ഒലിച്ചു പോയി. മറ്റ് സ്ഥലത്ത് നിന്ന് കൊണ്ടുവന്ന് നിലം ഉയർത്തിയ ഉറപ്പില്ലാത്ത മണ്ണിൽ കമ്പി അടിച്ചാണ് ഭിത്തി കോൺക്രീറ്റ് ചെയ്തത്. അത് മുഴുവനും മഴവെള്ളത്തിൽ ഒലിച്ചു പോയി. ഭിത്തി ഇടിഞ്ഞു പോകുമെന്ന് പരാതി പറഞ്ഞവരെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മൂലമറ്റം കോട്ടമ്മല റോഡിന്റെ നിർമ്മാണം നടത്തിയത്. ഇതിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നിരവധി വിജിലൻസ് കേസുകളുമുണ്ട്. 10.3 കിലോമീറ്റർ ദൂരമുള്ള റോഡിനായി 10 കോടിയോളം മുടക്കിയിട്ടും റോഡിന്റെ നിർമ്മാണം യഥാസമയം പൂർത്തീകരിക്കാനും സാധിച്ചില്ല.
റോഡ് ഇടിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. എറണാകുളം തേക്കടി സംസ്ഥാന പാതയുടെ ലിങ്ക് റോഡായ ഇതുവഴി കാൽനട യാത്ര പോലും അസാധ്യമായി. ജലന്തർ , പൊട്ടൻ പടി, ആശ്രമം, ചേറാടി, മേമുട്ടം, ചക്കി മാലി, മുല്ലക്കാനം, കപ്പക്കാനം, ഉറുമ്പുള്ള് തുടങ്ങിയ പ്രേദേശങ്ങളിലെ ആളുകൾക്ക് മൂലമറ്റവുമായി ബന്ധപെടാനുള്ള എളുപ്പ വഴിയാണ് മൂലമറ്റം കോട്ടമല റോഡ്. സ്‌കൂൾ കുട്ടികളും, കർഷകരും, തൊഴിലാളികളും ഉൾപ്പടെ നൂറു കണക്കിനാളുകൾ ദിനംപ്രതി സഞ്ചരിച്ചിരുന്ന ഈ റോഡിന്റെ പണി എന്നെങ്കിലും പൂർത്തിയാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
കനത്ത മഴയിൽ ഒലിച്ചു പോയ മുതിയാൻമല കൈപ്പറോഡിലും കലുങ്കോ ഓടയോ പണിയാതെ വെള്ളം കെട്ടിനിന്നതിനാലാണ് റോഡ് തകർന്നതെന്ന് ആക്ഷേപമുണ്ട്.
അഴിമതി അന്വേഷിക്കും: എം.പി
കുടയത്തൂർ മുതിയന്മല കൈപ്പ റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വ്യാപകമായ ആക്ഷേപമാണ് ഉണ്ടായിരിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ഇക്കാര്യം ജില്ലാ തല അവലോകന യോഗത്തിൽ ചർച്ച ചെയ്തിരുന്നു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ എൽ.എസ്.ജി.ഡി എൻജിനീയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഡീൻ പറഞ്ഞു.