idukki-dam

തൊടുപുഴ: ഇടുക്കിയിൽ ദുരിതം വിതച്ച കനത്ത മഴയ്ക്ക് ശമനം. ഇന്നലെ ജില്ലയിൽ ശരാശരി 47.74 മില്ലിമീറ്റർ മഴയാണ് പെയ്തത്. രാജാക്കാട് ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് മദ്ധ്യവയസ്‌കൻ മരിച്ചതാണ് ഇന്നലെ ആകെയുണ്ടായ മഴക്കെടുതി. കുളപ്പാറച്ചാൽ സ്വദേശി ഈട്ടിക്കൽ സാബു (55) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് അപകടം നടന്നത്. കർഷകനായ സാബു കൃഷിസ്ഥലത്തേക്ക് യന്ത്രം ഘടിപ്പിച്ച ഫൈബർ ബോട്ടിൽ പോകുന്നതിനിടെ എൺപതേക്കർ ഭാഗത്ത് എത്തിയപ്പോൾ വള്ളം മറിഞ്ഞ് കാണാതാകുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ആറായി. മഴകുറഞ്ഞതിനെ തുടർന്ന് നീരൊഴുക്ക് കുറഞ്ഞ ഇരട്ടയാർ,​ കല്ലാർ ഡാമുകളുടെ ഷട്ടറുകൾ അടച്ചു. പ്രധാന ഡാമുകളിൽ ഇപ്പോഴും നീരൊഴുക്ക് ശക്തമാണ്. ശനിയാഴ്ച 2336.66 ആയിരുന്ന ഇടുക്കി ഡാമിലെ ജലനിരപ്പ് മൂന്നടിയോളമുയർന്ന് 2339.90 അടിയായി. സംഭരണശേഷിയുടെ 37.37 ശതമാനമാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. 127.60 അടിയായിരുന്ന മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 128.5ആയി. മഴ കുറഞ്ഞതോടെ ക്യാമ്പിൽ കഴിഞ്ഞിരുന്നവർ വീട്ടിലേക്ക് മടങ്ങി തുടങ്ങി. ജില്ലയിൽ 15 ക്യാമ്പുകളിലായി 513 പേരാണ് ഇപ്പോൾ കഴിയുന്നത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ആറ് കളക്‌ഷൻ സെന്ററുകൾ ജില്ലയിലാരംഭിച്ചിട്ടുണ്ട്.