തൊടുപുഴ: ഇടുക്കിയിൽ ദുരിതം വിതച്ച കനത്ത മഴയ്ക്ക് ശമനം. ഇന്നലെ ജില്ലയിൽ ശരാശരി 47.74 മില്ലിമീറ്റർ മഴയാണ് പെയ്തത്. രാജാക്കാട്
ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് മദ്ധ്യവയസ്‌കൻ മരിച്ചതാണ് ഇന്നലെ ആകെയുണ്ടായ മഴക്കെടുതി. കുളപ്പാറച്ചാൽ സ്വദേശി ഈട്ടിയ്ക്കൽ സാബുവാണ് (55 ) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ശേഷമാണ് അപകടം നടന്നത്. കർഷകനായ സാബു കൃഷിസ്ഥലത്തിലേക്ക് യന്ത്രം ഘടിപ്പിച്ച ഫൈബർ ബോട്ടിൽ പോകുന്നതിനിടെ എൺപതേക്കർ ഭാഗത്ത് എത്തിയപ്പോൾ വള്ളം മറിഞ്ഞ് കാണാതാകുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ആറായി. നേരത്തെ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് അഞ്ചുരുളി ടണലിലേക്ക് കടക്കുന്ന വഴി ഉൾപ്പെടെയുള്ള പ്രദേശം ഒലിച്ചുപോയി. കഴിഞ്ഞ പ്രളയത്തിൽ തകർന്ന ഇടുക്കി- നേര്യമംഗലം സംസ്ഥാന പാതയുടെ നിർമാണത്തിലിരുന്ന ഭാഗം വീണ്ടും തകർന്നു.
മൂന്നാർ- ഉടുമൽപേട്ട പാത തുറന്നു
മൂന്നാർ- ഉടുമൽപേട്ട പാത അന്തർസംസ്ഥാന പാത തുറന്നു. പ്രളയത്തിൽ തകർന്ന പെരിയവര പാലം താത്കാലികമായി ഗതാഗതയോഗ്യമാക്കി. ചെറുവാഹനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. രാത്രി എട്ടുമണിക്ക് ശേഷം ഇതുവഴി ഗതാഗതം അനുവദിക്കില്ല.
രണ്ട് ഡാമുകൾ അടച്ചു
മഴകുറഞ്ഞതിനെ തുടർന്ന് നീരൊഴുക്ക് കുറഞ്ഞ ഇരട്ടയാർ, കല്ലാർ ഡാമുകളുടെ ഷട്ടറുകൾ അടച്ചു. ശനിയാഴ്ച 2336.66 ആയിരുന്ന ഇടുക്കി ഡാമിലെ ജലനിരപ്പ് മൂന്നടിയോളമുയർന്ന് 2339.90 അടിയായി. സംഭരണശേഷിയുടെ 37.37 ശതമാനമാണിത്. 127.60 അടിയായിരുന്ന മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 128.5ആയി.