അടിമാലി: വെള്ളപൊക്കത്തിൽ മുങ്ങിയ മൂന്നാർ അതിജീവനത്തിന്റെ പാതയിൽ. മൂന്നാറിൽ പൂർണ്ണമായ തോതിൽ മഴ മാറിനിൽക്കുകയാണ്. മൂന്നാർ ടൗണിൽ ഞായറാഴ്ച നല്ല തിരക്കായിരുന്നു. നല്ലതണ്ണിയാറിലെയും മുതിരപ്പുഴയാറിലെയും പ്രളയജലം മൂന്നാർ ഹെഡ് വർക്സിന്റെ ഷട്ടറുകൾ ഉയർത്തിയതിനെ തുടർന്ന് പൂർണമായി ഒഴുകി ഇറങ്ങി. എസ്റ്റേറ്റുകളിൽ നിന്ന് തൊഴിലാളികൾ എല്ലാ ഞായറാഴ്ചകളിലും മൂന്നാർ ടൗണിൽ എത്താറുണ്ട്. ആ പതിവ് ഇക്കുറിയും തെറ്റിച്ചില്ല. എന്നാൽ ആട്ടോറിക്ഷാ, ജീപ്പുകൾ എന്നിവയ്ക്ക് ഓട്ടം ഇല്ല. മൂന്നാറിലേയ്ക്ക് സഞ്ചാരികളെ ജില്ലാ ഭരണകൂടം വിലക്കിയതിനാൽ വിനോദ സഞ്ചാരികൾ ആരും തന്നെ ഇല്ല. മൂന്നാറിലെ ഹോട്ടലുകൾ എല്ലാം അടഞ്ഞുകിടക്കുകയാണ്. മൂന്നാറിലേക്കുള്ള വഴികൾ എല്ലാം തന്നെ സഞ്ചാരയോഗ്യമാണ്. വഴികളിൽ മറ്റ് തടസങ്ങൾ ഒന്നും തന്നെയില്ല. രണ്ട് ദിവസമായി മഴയുടെ അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നിലവിൽ മണ്ണിടിച്ചിൽ ഭീഷണികളോ ഉരുൾപ്പൊട്ടൽ ഭീഷിണികളോ ഈ മേഖലയിൽ ഇല്ല.