ഇടുക്കി:ജില്ലയിലെ അസഖ്യം ചെറുതും വലുതുമായ അനധികൃത ചെക്ക്ഡാമുകൾ ഉയർത്തുന്ന ഉരുൾപൊട്ടൽ ഭീഷണി നിലനില്ക്കുന്ന സാഹചര്യത്തിൽ ഇവയുടെ നിർമാണം നിയന്ത്രണവിധേയമാക്കുമെന്ന് ജില്ലാ കളക്ടർ എച്ച്.ദിനേശൻ അറിയിച്ചു. നിലവിൽ ഉയർന്ന പ്രദേശങ്ങളിൽ തടയണകളിൽ ജലം കെട്ടി നിർത്തിയിട്ടുണ്ടേൽ ചെറിയ തോതിൽ തുറന്നു വിടാൻ കളക്ടർ നിർദ്ദേശിച്ചു.
തടയണകൾ കൃഷിക്കും ജലസേചനത്തിനും അത്യാവശ്യമാണ്. അതിനാൽ തന്നെ പൂർണമായും ഇവയുടെ നിർമാണം ഒഴിവാക്കാനാവില്ല. സുരക്ഷിത സ്ഥാനങ്ങളിലെ നിർമാണത്തിന് അനുമതി നല്കാവുന്നതാണ്. ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റിൽ അപകടാവസ്ഥയിലുള്ള തടയണ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത യോഗത്തിലാണ്
അനധികൃത തടയണ സംബന്ധിച്ച് കളക്ടർ സംസാരിച്ചത്.ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന തടയണകൾ ശാസ്ത്രീയമായാണോ നിർമ്മിച്ചിട്ടുള്ളതെന്നും, ഇവയുടെ അപകട സാദ്ധ്യത സംബന്ധിച്ചും ബന്ധപ്പെട്ട വകുപ്പുകൾക്ക് കളക്ടർ നിർദ്ദേശം നല്കി. ഇതിന് ആവശ്യമായ ശാസ്ത്രീയ പഠനങ്ങൾ നടത്തണലമെന്നും വകുപ്പുകളോട് ആവശ്യപ്പെട്ടു.
യോഗത്തിൽ ദേവികുളം സബ് കളക്ടർ ഡോ.രേണുരാജ്, ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ, എഡിഎം ആന്റണി സ്‌കറിയ, ആർഡിഒ അതുൽ എസ് നാഥ് തുടങ്ങിയവർ പങ്കെടുത്തു.