തൊടുപുഴ: ഹൈറേഞ്ചിൽ മഴ കുറയുമ്പോഴും തൊടുപുഴ മേഖലയിൽ മഴ കനക്കുന്നു. ഇതുവരെ കാര്യമായ നാശനഷ്ടങ്ങളൊന്നും തൊടുപുഴ മേഖലയിൽ ഉണ്ടാകാത്തത് ആശ്വാസകരമാണെങ്കിലും മഴ ശക്തമായി പെയ്യുന്നതിൽ ജനങ്ങൾ ആശങ്കാകുലരാണ്. ഇന്നലെ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തൊടുപുഴയിലായിരുന്നു- 34 മില്ലിമീറ്റർ. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച ദേവികുളം പീരുമേട് മേഖലകളിൽ ഇന്നലെ മഴ കുറവായിരുന്നു. ഉച്ചയോടെ തൊടുപുഴയിൽ ആരംഭിച്ച അതിശക്തമായ മഴയ മണിക്കൂറുകളാണ് നിന്ന് പെയ്തത്. ഇതോടെ ടൗണിൽ പഴയ മണക്കാട് ജംഗ്ഷൻ, മൂവാറ്റുപുഴ റൂട്ടിൽ റോട്ടറി ജംഗ്ഷൻ, മൗണ്ട് സീനായി റോഡിന് സമീപം, കിഴക്കേയറ്റം, വെങ്ങല്ലൂർ പ്ലാവിൻചുവട് തുടങ്ങി വിവിധയിടങ്ങളിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
ലോ റേഞ്ചിലും ഉരുൾപൊട്ടിൽ ഭീതി
മഴ ഇനിയും ശക്തമായി തുടർന്നാൽ ഉടുമ്പന്നൂർ പഞ്ചായത്തിലെ വെള്ളിയാനി, മലയിഞ്ചി, ചെപ്പുകുളം എന്നിവിടങ്ങളിലും വെള്ളിയാമറ്റം പഞ്ചായത്തിലെ കോഴിപ്പിള്ളി, പൂമാല, നാളിയാനി എന്നിവിടങ്ങളിലും അറക്കുളം പഞ്ചായത്തിലെ ഇലപ്പള്ളി, എടാട് എന്നിവിടങ്ങളിലും മണ്ണിടിച്ചിലോ ഉരുൾപ്പൊട്ടലോ ഉണ്ടാകുമോയെന്ന് ഭീതിയുണ്ട്. ഇതിൽ ഇലപ്പള്ളി, എടാട് മേഖലകളിൽ പലയിടത്തും മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് തകർന്നിരുന്നു. മണ്ണിടിച്ചിലിനൊപ്പം ഉരുൾപ്പൊട്ടൽ ഭീതിയും ഈ മേഖലകളിൽ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കനത്ത മഴയിൽ കാളിയാർ പുഴ കരകവിഞ്ഞൊഴുകി തൊമ്മൻകുത്ത്, പാറപ്പുഴ, തെന്നത്തൂർ മേഖലകളിലെ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. ഇന്നലെ മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്. വെള്ളിയാമറ്രം പഞ്ചായത്തിലെ മുൻകാലങ്ങളിൽ ഉരുൾപ്പൊട്ടൽ ഉണ്ടായിട്ടുള്ള സ്ഥലങ്ങളിലും ഇപ്പോഴും അപായ ഭീതി നിലനിൽക്കുന്നുണ്ട്.
മലങ്കര കൂടുതൽ തുറക്കേണ്ടി വരും
വെള്ളമൊഴുക്ക് ശക്തമായ മലങ്കര ഡാമിന്റെ ആറു ഷട്ടറുകൾ 80 സെന്റീമീറ്റർ വീതം നേരത്തെ തുറന്നു വിട്ടിരുന്നു. തുടർന്ന് തീരപ്രദേശങ്ങളിലും തൊടുപുഴയാറ്റിലും വൻ തോതിൽ വെള്ളം ഉയർന്നിരുന്നു. തൊടുപുഴയാർ കരകവിഞ്ഞൊഴുകി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. മൂവാറ്റുപുഴ ടൗണിലും വെള്ളപ്പൊക്കം ഉണ്ടായിരുന്നു. ഇപ്പോൾ ആറു ഷട്ടറുകളിലായി 20 സെന്റിമീറ്റർ വീതമാണ് മലങ്കര ഡാമിൽ നിന്നും വെള്ളം തുറന്നു വിടുന്നത്. മഴ വീണ്ടും കനകക്കുകയും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിക്കുകയും ചെയ്താൽ തൊടുപുഴ ടൗണിലും മൂവാറ്റുപുഴയിലും വലിയ തോതിൽ വെള്ളം ഉയരുന്നതിന് ഇടയാക്കും.
മഴയുടെ അളവ്
തൊടുപുഴ- 34 മില്ലിമീറ്റർ
പീരുമേട്- 27
ഉടുമ്പഞ്ചോല- 6.2
ഇടുക്കി-23.4
ദേവികുളം- 17.8
ശരാശരി- 21.68
നിലവിൽ 11 ദുരിതാശ്വാസ ക്യാമ്പുകൾ
നിലവിൽ 11 ദുരിതാശ്വാസ ക്യാമ്പുകളിലായി 133 കുടുംബങ്ങളിലുള്ള 430 പേരാണുള്ളത്. ഇതിൽ 145 പേർ പുരുഷന്മാരും 151 പേർ സ്ത്രീകളും 88 പേർ കുട്ടികളുമാണ്. 23 വീതം പുരുഷന്മാരും സ്ത്രീകളും 60 വയസിൽ പ്രായമുള്ളവരാണ്. പീരുമേടാണ് ഏറ്റവും കൂടുതൽ ക്യാമ്പുകളുള്ളത്- 4. ഇവിടെ 27 കുടുംബങ്ങളിൽ നിന്നായി 97 പേരാണ് കഴിയുന്നത്. ഇടുക്കി, ദേവികുളം, ഉടുമ്പഞ്ചോല താലൂക്കുകളിൽ രണ്ട് വീതം ക്യാമ്പുകളാണുള്ളത്. തൊടുപുഴയിൽ ഒരു ക്യാമ്പ് മാത്രമാണുള്ളത്.
തകർന്ന വീടുകൾ
ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ ഇന്നലെ രണ്ട് വീടുകൾ പൂർണമായും 27 എണ്ണം ഭാഗികമായും തകർന്നു. കാലവർഷം ആരംഭിച്ച ജൂൺ എട്ട് മുതൽ 60 വീടുകൾ പൂർണമായും 569 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.