crime
crime

രാജാക്കാട്: ഭാര്യാവീട്ടിലെത്തി മുൻവൈരാഗ്യം തീർക്കാൻ വാക്കത്തി കൊണ്ട് ആക്രമിച്ച മരുമകൻ ഭാര്യാപിതാവിന്റെ ചുറ്റികകൊണ്ടുള്ള അടിയേറ്റ് മരിച്ചു. എറണാകുളം ആലങ്ങാട് കൊങ്ങാരപ്പിള്ളി കൂട്ടുങ്കൽ ഷിബു (49) ആണ് മരിച്ചത്. സംഭവ ശേഷം ഭാര്യാപിതാവ് മമ്മട്ടിക്കാനം മാരാർസിറ്റി കൈപ്പള്ളിൽ ശിവനും ഭാര്യാമാതാവ് ജഗദമ്മയും പൊലീസിന് കീഴടങ്ങി.

ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. ഷിബുവും ശിവന്റെ മകൾ ഷീജയും തമ്മിൽ വർഷങ്ങൾക്ക് മുൻപ് വേർപിരിഞ്ഞിരുന്നതായി പറയുന്നു. ഒരു കുട്ടിയുള്ളത് ശിവനൊപ്പമാണ് താമസം. ഇരു കുടുംബങ്ങളും കടുത്ത ശത്രുതയിലാണ് കഴിഞ്ഞുപോന്നത്.

കഴിഞ്ഞ വർഷം ഷിബു മൂന്ന് സുഹൃത്തുക്കളുമായി എത്തി ശിവന്റെ വീട് ആക്രമിച്ചിരുന്നു. ഈ സംഭവത്തിൽ നിലവിളക്കുകൊണ്ടുള്ള അടിയേറ്റ് ഷിബുവിനും, സംഘത്തിന്റെ ആക്രമണത്തിൽ ഷീജയ്ക്കും മാതാപിതാക്കൾക്കും സാരമായി പരിക്കേറ്റിരുന്നു. ഓടി രക്ഷപെടാൻ ശ്രമിച്ച മൂന്ന് സംഘാംഗങ്ങളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ഈ കേസിൽ ഏതാനും മാസം മുൻപാണ് ഷിബു ജാമ്യത്തിലിറങ്ങിയത്.

ഇന്നലെ രാവിലെ ഇതിന്റെ വൈരാഗ്യം തീർക്കാനെത്തിയ ഷിബു ശിവനുമായും ജഗദമ്മയുമായും വഴക്കുണ്ടാക്കി. തുടർന്ന് കൈവശം ഒളിപ്പിച്ചിരുന്ന വാക്കത്തി കൊണ്ട് ഇരുവരെയും ആക്രമിച്ചപ്പോൾ ചുറ്റിക എടുത്ത് ശിവൻ ഷിബുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഷിബു അപ്പോൾ തന്നെ മരിച്ചു. ശിവനും ജഗദമ്മയുമാണ് സംഭവം സമീപത്തുള്ളവരെ അറിയിച്ചത്. സംഭവമറിഞ്ഞെത്തിയ പൊലീസ് ഷിബുവിനെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു.

കുറ്റം സമ്മതിച്ച ശിവനും ജഗദമ്മയും പൊലീസ് കസ്റ്റഡിയിലാണ്. കോട്ടയത്ത് നിന്നുള്ള ഫോറൻസിക് വിദഗ്ദ്ധർ ഇന്നെത്തി ശാസ്ത്രീയ പരിശോധന നടത്തും. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.