ഒറ്റ ദിവസം ലഭിച്ചത് ഏഴു ലക്ഷത്തോളം രൂപയുടെ സാമഗ്രികൾ
കട്ടപ്പന: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ സഹോദരങ്ങൾക്ക് സഹായമെത്തിക്കാൻ കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'വയനാടിനൊരു കൈത്താങ്ങ്' ഏകദിന സമാഹരണം വൻ വിജയം. പായ , പുതപ്പ്, ബെഡ്ഷീറ്റ്, സ്ത്രീകൾക്കും പുരുഷൻമാർക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ, സാനിട്ടറി നാപ്കിൻസ്, കുട്ടികൾക്ക് ഡയപ്പർ, സ്വെറ്റർ, തൊപ്പി തുടങ്ങിയവ , ബക്കറ്റ്, കപ്പ്, കുടിവെള്ളം, അരി, പലചരക്ക് സാധനങ്ങൾ,ഡിറ്റർജന്റ്, പേസ്റ്റ്, സോപ്പ് തുടങ്ങി ഏഴു ലക്ഷത്തോളം രൂപയുടെ സാമഗ്രികളാണ് ഇന്നലെ കട്ടപ്പന ടൗൺ ഹാളിലെത്തിയത്.
വിവിധ സാംസ്‌കാരിക സംഘടനകൾ ഗ്രൂപ്പായും വ്യക്തികൾ സ്വന്തം നിലയിലും സാധനങ്ങൾ ഇവിടെ എത്തിച്ചു. വയനാടിനൊരു കൈത്താങ്ങ് എന്ന ഈ കാമ്പയിൻ പ്രതീക്ഷിച്ചതിന്റെ രണ്ടിരട്ടി വിജയമാണ് കൈവരിച്ചതെന്നും ദുരിതബാധിതരെ സഹായിക്കാനുള്ള മനസ് ജനങ്ങൾ കൈവിട്ടിട്ടില്ല എന്നാണ് ഇത് തെളിയിക്കുന്നതെന്നും നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു.
ഭക്ഷണ സാമഗ്രികൾ ശേഖരിക്കേണ്ടതില്ല എന്നാണ് ആദ്യം തീരുമാനിച്ചതെങ്കിലും ക്യാമ്പിൽ ആളുകളെത്തിച്ച എല്ലാ സാമഗ്രികളും സ്വീകരിക്കുകയായിരുന്നു. അരി മാത്രം 2000 കിലോയിലധികം ലഭിച്ചു. രണ്ടു ലക്ഷത്തിൽപരം രൂപ പണമായി ലഭിച്ചു. വിവിധ സാംസ്‌കാരിക സാമൂഹിക, സന്നദ്ധ സംഘടനകൾ, ക്ലബുകൾ, രാഷ്ട്രീയ പാർട്ടികൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, കുടുംബശ്രീ, വ്യാപാരികൾ, പൊതുജനങ്ങൾ തുടങ്ങി വിവിധ തലങ്ങളിലുള്ളവർ തങ്ങളാൽ കഴിയുന്ന സഹായം വയനാടിനായി നല്കാൻ കട്ടപ്പന ടൗൺ ഹാളിലെത്തിച്ചു.