ചെറുവാഹനങ്ങൾക്ക് സഞ്ചാര അനുമതി
ഇടുക്കി: കഴിഞ്ഞ ദിവസത്തെ കനത്തമഴയിൽ ഭാഗികമായി നാശനഷ്ടം സംഭവിച്ച പെരിയവര താത്കാലിക പാലം പുനർനിർമിച്ചു. മഴമാറി നീരൊഴുക്ക് കുറഞ്ഞതോടെ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തരമായിമായി പാലം നന്നാക്കി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. കന്നിയാർ പുഴയിൽ ശക്തമായ നീരൊഴുക്ക് കൂടിയതോടെ താത്കാലിക പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുകയായിരുന്നു. പാലം മുങ്ങിയതോടെ മറയൂർ ഭാഗത്തേക്കുള്ള ഗതാഗതവും സ്തംഭിച്ചു. നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് ഞായറാഴ്ച രാവിലെയോടെ ആരംഭിച്ച പണികൾ വൈകിട്ടോടെ പൂർത്തിയാക്കി ചെറുവാഹനങ്ങൾക്കായി തുറന്നു കൊടുത്തു. പാലത്തിന്റെ കോൺക്രീറ്റ് പൈപ്പുകൾക്ക് മുകളിൽ മൂന്ന് ലെയറുകളായി മെറ്റലിട്ട് ഉറപ്പിച്ചും അതിനുശേഷം പാറമക്ക് നിരത്തിയുമാണ് ഗതാഗതം സാധ്യമാക്കിയത്. നിലവിൽ ചെറുവാഹനങ്ങൾക്ക് മാത്രമാണ് സഞ്ചാര അനുമതി നൽകിയിട്ടുള്ളത്. വെള്ളത്തിന്റെ അളവ് കുറഞ്ഞശേഷം പാലത്തിന്റെ ബേസ്‌മെന്റ്, ബലം തുടങ്ങിയവ പരിശോധിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമേ ഭാരവാഹനങ്ങൾ കടത്തി വിടുന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷത്തെ പ്രളയത്തിലാണ് പെരയിവരപാലം നശിച്ചത്. പിന്നീട് താത്കാലിക പാലം നിർമിച്ചെങ്കിലും തുടർന്നുണ്ടായ കനത്തമഴയിൽ അതും ഒലിച്ചുപോയി. വീണ്ടും നിർമിച്ച പാലമാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ ഭാഗികമായി നശിച്ചത്.