കുമളി: ലോഡ്ജിൽ മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ യുവതിയെ കൊലപ്പെടുത്തിയതാണെന്ന് സംശയം. വീടുവിട്ടിറങ്ങി വന്ന യുവതിയുടെ പക്കലുണ്ടായിരുന്ന തുക തീർന്നതിനെത്തുടർന്നുള്ള തർക്കത്തിൽ യുവതിയെ കൊലപ്പെടുത്തിയശേഷം അമ്മയും മകനും തൂങ്ങിമരിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്. തേക്കടിയിൽ സ്വകാര്യ ലോഡ്ജിൽ തിരുവനന്തപുരം ആഴൂർ കരിക്കാട്ടുവിളിയിൽ പ്രമോദ് പ്രകാശ് (40), മാതാവ് ശോഭന (60) എന്നിവർ തുങ്ങിമരിച്ച നിലയിലും ഭാര്യ ജീവയെ (39) കിടക്കയിൽ മരിച്ചനിലയിലുമാണ് കണ്ടത്.
ഇന്നലെ ഉച്ചയോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇരുകൂട്ടരുടെയും ബന്ധുക്കൾ എത്തിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയത്. വീട് വിട്ട്പോന്നപ്പോൾ ജീവയുടെ പക്കൽ പത്ത് ലക്ഷത്തോളം രൂപയുണ്ടായിരുന്നതായും ഇതുകൊണ്ട് ആർഭാടജീവിതമാണ് ഇവർ നയിച്ചിരുന്നതെന്നും പറയുന്നു. പ്രതിദിനം 700 രൂപയുടെ രണ്ട് മുറികളാണ്
വാടകയ്ക്ക് എടുത്തിരുന്നത്. ലോഡ്ജിന് സമീപമുളള മുന്തിയ ഹോട്ടലിൽ നിന്നുമാണ് ദിവസവും ഭക്ഷണം കഴിച്ചിരുന്നത്.
ജീവയുടെ പക്കൽ ഉണ്ടായിരുന്ന തുക തിർന്നതിനെച്ചൊല്ലി തർക്കം ഉണ്ടാകുകയും ജീവയെ കൊലപ്പെടുത്തിയശേഷം പ്രമോദും ശോഭനയും തൂങ്ങിമരിച്ചതാകാം എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ജീവയുടെയും ശോഭനയുടെ മരണശേഷമാണ് പ്രമോദിന്റെ ജീവൻ നഷ്ടമായതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. സംഭവത്തിന് തലേദിവസം ഇവർ താസിച്ചിരുന്ന മുറിയിൽ നിന്നും ബഹളം കേട്ടതായി സമീപവാസികൾ പറയുന്നു.
പ്രമോദിന്റെയും മാതാവിന്റെയും മൃതശരീരം ബന്ധുക്കൾ വാങ്ങുമെങ്കിലും ജീവയുടെ ശരീരം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറായിട്ടില്ല.
രണ്ട് കാറുകളാണ് ഇവർ ഉപയോഗിച്ചിരുന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസ് എന്നപേരിൽ തമിഴ്നാട് കേന്ദ്രീകരിച്ചാണ് പ്രമോദ് കറങ്ങിനടന്നിരുന്നത്. ബിസിനസിന്റെ പേരിൽ തമിഴ്നാട്ടിൽ നിന്നുൾപ്പെടെ നിരവധി പേർ ലോഡ്ജിൽ വന്ന് പോയതായും വിവരമുണ്ട്. ഇവരെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.