വണ്ടിപ്പെരിയാർ:വള്ളക്കടവ് ആദിവാസി കോളനിയിൽ ഉരുൾപൊട്ടലിൽ തകർന്നത് ഏക്കറുകണക്കിന് ഭൂമിയും രണ്ട് വീടുകളും. കുടിയിലെ താമസക്കാരായ സുരേഷിന്റെ രണ്ട് ഏക്കറോളം ഭൂമി ഉരുൾപൊട്ടലിൽ നശിക്കുകയും വീടിന് പിൻഭാഗത്ത് ഉരുൾപൊട്ടലിൽ ഒഴുകി വന്ന മണ്ണ് അടിഞ്ഞതോടെ സുരേഷും കുടുംബവും ബന്ധുവീട്ടിൽ അഭയം തേടിയിരിക്കുകയാണ്. സമാനമായ അവസ്ഥയിലാണ് സമീപവാസിരഘുവിന്റെ വീടും ഉരുൾപൊട്ടലിൽ തകർന്നത്. വള്ളക്കടവിൽ നിന്നും പെരിയാർ വന്യജീവി സങ്കേതത്തിലൂടെ 3 കിലോമീറ്റർ ദൂരെ വനത്തിലൂടെ യാത്ര ചെയ്താൽ മാത്രമെ വഞ്ചി വയൽ ആദിവാസി കോളനിയിൽ എത്താൻ കഴിയുകയുള്ളു. മെബൈൽ ഫോണുകൾക്ക് റേഞ്ച് ഇല്ലാത്ത പ്രദേശമായതിനാൽ കോളനിയിൽ നിന്നുമുള്ള ആളുകൾ പുറത്ത് എത്തിയാൽ മാത്രമെ സംഭവത്തിന്റെ വ്യാപ്തി പുറത്ത് അറിയിക്കാൻ സാദ്ധ്യമാകൂ.സംഭവം പുറത്തറിയാത്തതിനാൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടില്ലെന്നാണ് കോളനി നിവാസികൾ പറയുന്നത്. 85 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇനിയും വനത്തിനുള്ളിൽ ഉരുൾപൊട്ടൽ ഉണ്ടാവുമോയെന്ന ആശങ്കയിലാണ് താമസക്കാർ.