രാജാക്കാട് : ചുണ്ടലിൽ ദുരൂഹ സാഹചര്യത്തിൽ കുടുംബത്തിലെ നാല്‌പേർക്ക് വിഷബാധയേൽക്കുകയും ആറ് വയസ്സുകാരൻ മരിക്കുകയും ചെയ്ത സംഭവത്തിൽ തേനി മെഡിക്കൽകോളേജിൽ കഴിയുന്ന മരിച്ച സുധീഷിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കാൻ പൊലീസിന് സാധിച്ചില്ല.

ശാന്തൻപാറ സി ഐ യുടെനേതൃത്വത്തിലുള്ള അന്വേഷ ണ സംഘം മെഡിക്കൽകോളേജിൽ എത്തിയെങ്കിലും ഡ്യൂട്ടി ഡോക്ടർ ഇല്ലാത്തതിനാൽ മൊഴിയെടുക്കാതെ മടങ്ങി. മരിച്ച സുധീഷിന്റെ പിതാവ് സുരേഷ്, മാതാവ് അർച്ചന, അർച്ചനയുടെ മാതാവ് കർപ്പകം എന്നിവരാണ് നിലവിൽതേനി മെഡിക്കൽകോളേജിൽ ചുകിത്സയിലുള്ളത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ഇവർ താമസിച്ചിരുന്ന വീട്ടിലെ മുറിക്കുള്ളിൽ ആറുവയസുകാരനായ സുധീഷിനെ മരിച്ച നിലയിലും സുരേഷിനെയും അർച്ചനയേയും കർപ്പകത്തേയും അവശനിലയിലും കണ്ടെത്തിയത്. ഇവർ താമസിക്കുന്ന വീടിന്റെ മുകളിലത്തെ നിലയിൽ താമസിച്ചിരുന്ന ജേഷ്ഠന്റെ വീട്ടിലായിരുന്ന സുരേഷിന്റെ മാതാവ് അന്തോണിയമ്മ രാവിലെ എട്ടരയോടെ സുധീഷിന് നൽകാനായി പാലുമായി മുറിക്കുള്ളിൽ എത്തിയപ്പോൾ കട്ടിലിൽ കുട്ടി മരിച്ച നിലയിൽ കിടക്കുന്നതാണ് കണ്ടത്. മറ്റ് മൂന്നുപേരെ സമീപത്തെ മുറികളിലും അവശനിലയിൽ കണ്ടെത്തി. ഇവർ നിലവിളിച്ച് ബഹളം വച്ചതിനെ തുടർന്ന് മറ്റുള്ളവരും എത്തി. സംഭവം പൊലീസിൽ അറിയിക്കുകയും ചെയ്തു. എല്ലാവരുംചേർന്ന് കുട്ടിയെ രാജകുമാരിയിലെയും സുരേഷിനെ ശാന്തൻപാറയിലെയും സ്വകാര്യ ആശുപത്രികളിലും അർച്ചനയെയും കർപ്പകത്തെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും എത്തിച്ചു. സ്ഥിതി വഷളായതിനെത്തുടർന്ന് സ്ത്രീകളെ രണ്ടുപേരെയും ഉച്ചയോടെതേനി മെഡിക്കൽകോളേജിലേയ്ക്ക് കൊണ്ടുപോയി. സുരേഷിന് കാര്യമായ വിഷബാധ ഏറ്റിട്ടില്ല. വീട്ടിൽ പാചകം ചെയ്ത് കഴിച്ചിരുന്ന ഇറച്ചിയിൽ നിന്നും വിഷബാധ ഏറ്റതാകാമെന്നും, വൈദ്യുതി ഇല്ലാത്തതിനാൽ ഉപയോഗിച്ച ജനറേറ്ററിന്റെ പുക മുറികളിൽ തങ്ങി നിന്നതാണെന്നും ഉൾപ്പെടെ വ്യത്യസ്ത കാരണങ്ങളാണ് ബന്ധുക്കളും ചികിൽസയിലുള്ളവരും പറഞ്ഞിരിക്കുന്നത്. പൊലീസ് പരിശോധനയിൽ വീട്ടിൽ നിന്നും വിഷക്കുപ്പി കണ്ടെടുത്തത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.
സംഭവത്തെ സംബന്ധിച്ച് വിശദമായ വിവരംശേഖരിക്കുന്നതിന്‌വേണ്ടിയാണ് മൊഴിയെടുക്കുന്നതിന് ശാന്തമ്പാറ സി ഐ എസ് ചന്ദ്രകുമാറിന്റെനേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട്ടിലെത്തിയത്. എന്നാൽഡോക്ടറില്ലാത്തതിനാൽ മടങ്ങേണ്ടിവന്നു. ഇവരുടെ മൊഴി എടുത്തതിന്‌ശേഷം വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ കൃത്യമായ കാരണം കണ്ടെത്താൻ കഴിയുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.