മറയൂർ: ഉപയോഗയോഗ്യമല്ലാത്ത ബ്രെഡ് പായ്ക്കറ്റുകൾ മൂന്നാർ മറയൂർ സംസ്ഥാന പാതയ്ക്കരുകിൽ തള്ളി. പായ്ക്കറ്റുകൾ തിന്ന പശുക്കൾ ചത്തുവീഴുന്നു.മൂന്നാർ പഞ്ചായത്തിലെ കോഫി സ്റ്റോർ സ്വദേശി സമുദ്രപാണ്ടിയുടെ ഒരു പശുകൂടി തിങ്കളാഴ്ച രാവിലെ ചത്തു.പ്രസവിച്ചിട്ട് 10 ദിവസമായ പശു 20 ലിറ്റർ പാൽ ദിവസം തന്നിരുന്നു. രണ്ടു മാസത്തിനിടയിൽ സമുദ്രപാണ്ടിയുടെ അഞ്ചു പശുക്കളാണ് ചത്തത്.സംശയം തോന്നിയ സമുദ്രപാണ്ടി തലയാർ കമ്പനിയുടെ ഡോക്ടറെ അറിയിച്ച് പരിശോധിച്ചപ്പോഴാണ് പശുവിന്റെ വയറ്റിൽ നിന്നും 52 പ്‌ളാസ്റ്റിക് കവറുകൾ കണ്ടെടുത്തത്. മറയൂർ പൊലീസിൽ സമുദ്രപാണ്ടി പരാതി നല്കിയതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി പായ്ക്കറ്റുകൾ കണ്ടെടുത്തു. തേയിലത്തോട്ടം തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള പശുക്കൾ തേയില തോട്ടത്തിലാണ് തീറ്റക്കായി കൊണ്ടു പോകുന്നത്.ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഡംപിംഗ് പിറ്റുകളിലും വിജനമായ സ്ഥലത്തും മാലിന്യങ്ങൾ സഞ്ചാരികളും മറയൂർ, കാന്തല്ലൂർ മേഖലകളിൽ സാധനങ്ങൾ വിതരണം നടത്തുന്ന കമ്പനികളും വലിച്ചെറിയുന്നത് സ്ഥിരം കാഴ്ചയാണ്. പഞ്ചായത്തിന്റെ ഡംപിംഗ് പിറ്റുകളിൽ നിന്നും മാലിന്യങ്ങൾ മാസങ്ങൾ കഴിഞ്ഞാലും മാറ്റുകയുമില്ല.
തിങ്കളാഴ്ച പുലർച്ചെ പാൽ കറക്കായി എത്തിയ സമുദ്രപാണ്ടി പശു ഗുരുതാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. സമുദ്രപാണ്ടി പറഞ്ഞു.