ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിലെ പെരിയാർവാലിയിലും കട്ടപ്പന നഗരസഭയിലെ തവളപ്പാറയിലും അപകട മേഖലകളിൽ താമസിക്കുന്നവരെ പകരം ഭൂമിയും വീടും നൽകി പുനരധിവസിപ്പിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ ആവശ്യപ്പെട്ടു. പെരിയാർവാലി മേഖലയിലുള്ളവർ മുരിക്കാശ്ശേരി രാജപുരം ക്യാമ്പിലും തവളപ്പാറയിലുള്ളവർ കട്ടപ്പന സെന്റ് ജോർജ് സ്‌കൂളിലെ ക്യാമ്പിലുമാണ് ഇപ്പോൾ താമസിക്കുന്നത്. ചെങ്കുത്തായതും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയേറിയ മേഖലകളിൽ താമസിക്കുന്ന ഇവരെ കഴിഞ്ഞ പ്രളയകാലത്തും മാറ്റി താമസിപ്പിക്കേണ്ടി വന്നിരുന്നു. എന്നാൽ പൂർണമായും വീടും സ്ഥലവും നഷ്ടപ്പെടാത്തവരായതിനാൽ പകരം ഭൂമിയും വീടും നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഓരോ മഴക്കാലവും വളരെ ഭീതിയോടെ അഭിമുഖീകരിക്കുന്ന ഇവരെ മാറ്റിപ്പാർപ്പിക്കുക മാത്രമാണ് ശാശ്വതമായ പരിഹാരം. ഇതിനായി സർക്കാർ നടപടി സ്വീകരിക്കണം. കഴിഞ്ഞ ഏതാനും ദിവസങ്ങൾകൊണ്ട് തവളപ്പാറ, കുന്തളംപാറ, മുളകരമേട് തുടങ്ങിയ മേഖലകളിൽ നിരവധി വീടുകളാണ് വാസയോഗ്യമല്ലാതായി തീർന്നിരിക്കുന്നത്. കേടുപാടുകൾ പറ്റിയ വീടുകൾ സമയബന്ധിതമായി നവീകരിക്കുന്നതിന് ധനസഹായം അനുവദിച്ചു നൽകണം. കാലവർഷം ശക്തമായതോടെ ഉപജീവനത്തിനുള്ള വരുമാന മാർഗങ്ങൾ നിലച്ച ഒട്ടേറെ കുടുംബങ്ങളുണ്ട്. ക്ഷീരമേഖല ഉപജീവന മാർഗമായി സ്വീകരിച്ചിരുന്നവർ കാലിത്തീറ്റയും മറ്റുപോഷകങ്ങളും കന്നുകാലികൾക്ക് നൽകാനാവാതെ പ്രതിസന്ധിയിലാണ്. ക്ഷീരകർഷകർക്ക് സൗജന്യമായി കാലിത്തീറ്റകൾ ക്ഷീരോല്പാദക സഹകരണ സംഘങ്ങൾ വഴി നൽകുന്നതിന് നടപടി സ്വീകരിക്കണമെന്നും രാജപുരം, കട്ടപ്പന ദുരിതാശ്വാസ ക്യാമ്പുകളും ദുരന്തബാധിത മേഖലകളും സന്ദർശിച്ച എം.എൽ.എ ആവശ്യപ്പെട്ടു.