ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി വ്യാപക നാശനഷ്ടമാണുണ്ടായത്. കനത്ത മഴയെത്തുടർന്ന് ലയങ്ങളിൽ വെള്ളം കയറിയതോടെ ടാറ്റാ കമ്പനിയുടെ സഹകരണത്തോടെ മൂന്നാർ സിഎസ്‌ഐ പള്ളിയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടുകയായിരുന്നു ഒരു കൂട്ടം തോട്ടം തൊഴിലാളികൾ. 13 കുടുംബങ്ങളിൽ നിന്നുള്ള 43 പേരാണ് മൂന്നാറിലെ ദുരിതാശ്വാസ ക്യാമ്പിൽ ഉള്ളത്. ഇവരിൽ ഭൂരിഭാഗവും ടാറ്റാ കമ്പനിയിലെ തോട്ടം തൊഴിലാളികളാണ്. മഴ കുറഞ്ഞ സാഹചര്യത്തിൽ ലയങ്ങളിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.
ദേവികുളം കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ഇവിടെ നടക്കുന്നുണ്ട്. എലിപ്പനി പ്രതിരോധ മരുന്നും, ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്നും നൽകുന്നുണ്ട്. കൂടാതെ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്. മഴമാറി കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യമാണെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ ഇവർ ക്യാമ്പിൽ നിന്ന് ലയങ്ങളിലേക്ക് മാറുമെന്ന് ഡെപ്യൂട്ടി തഹസിൽദാർ എസ്.രമേഷ് പറഞ്ഞു.
ജില്ലയിൽ 12 ദുരിതാശ്വാസ ക്യാമ്പുകൾ
5 താലൂക്കുകളിലായി 12 ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. പീരുമേട് താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ. 5 ക്യാമ്പുകളാണ് അവിടെയുള്ളത്. ദേവികുളം 2, ഇടുക്കി 2, ഉടുമ്പൻചോല 2, തൊടുപുഴ 1 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 139 കുടുംബങ്ങളിൽ നിന്നായി 441 ആളുകളാണ് ക്യാമ്പിലുള്ളത്. അതിൽ 145 പുരുഷന്മാരും 156 സ്ത്രീകളും 89 കുട്ടികളുമാണ് ഉള്ളത്. ഇതിൽ 26 പേർ 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരും 25 പേർ 60 വയസ്സിനു മുകളിലുള്ള സ്ത്രീകളുമാണ്.