minister
മഴക്കെടുതികൾ അവലോകനം ചെയ്യുന്നതിന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ സാന്നിധ്യത്തിൽ കളക്ടറേറ്റിൽ ചേർന്ന യോഗം.

എല്ലാ മുൻകരുതലും സ്വീകരിച്ചതായി ജില്ലാ ഭരണകൂടം

ഇടുക്കി : അടുത്തദിവസങ്ങളിൽ ജില്ലയിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെത്തുടർന്നു അതീവജാഗ്രത പുലർത്തുന്നതിനും എല്ലാ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ദുരിതാശ്വാസ ഏകോപന ചുമതലയുള്ള വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിർദേശം നൽകി. ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേമ്പറിൽ ചേർന്ന അവലോകന യോഗത്തിൽ റോഷി അഗസ്റ്റിൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് എന്നിവരും പങ്ക3െടുത്തു.
ജില്ലയിലെ മുഴുവൻ വകുപ്പുകളും ഏതു പ്രതിസന്ധിയെയും നേരിടാൻ സുസജ്ജമാണ്. വീണ്ടും അതിജാഗ്രതാ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അപകടമേഖലയിലുള്ളവരെ അക്കാര്യം പറഞ്ഞു ബോദ്ധ്യപ്പെടുത്തി ഉടൻ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റാൻ മന്ത്രി നിർദേശിച്ചു. ഇപ്പോഴത്തെ സ്ഥിതിയിൽ ജില്ലയിൽ ഒരുവിധത്തിലുമുള്ള അപകടഭീതിയുമില്ല. കഴിഞ്ഞദിവസങ്ങളിലുണ്ടായ മഴക്കെടുതികളിൽ ഉണ്ടായ നഷ്ടങ്ങളിൽ അടിയന്തിരമായി താത്കാലിക പരിഹാരം കാണേണ്ട വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.


വണ്ടിപ്പെരിയാറിൽ ദേശീയപാതയിൽ വെള്ളം കയറുന്ന ഭാഗത്ത് ജില്ലാ കളക്ടർ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം നടപടികൾ സ്വീകരിക്കും. റോഡ് നശിക്കാതിരിക്കാൻ എത്രയും വേഗം പരിഹാരമാർഗം കണ്ടെത്തണമെന്നു മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ഇ. എസ്. ബിജിമോൾ എംഎൽഎ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. റോഡുകളുടെ വശങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ വനംവകുപ്പ് മുറിച്ചുമാറ്റിക്കൊണ്ടിരിക്കുകയാണ്. മൂലമറ്റം ആശ്രാമം റോഡ് തകർന്നതുമൂലം മറുഭാഗത്തുള്ളവർ ഒറ്റപ്പെട്ടനിലയിലാണ്. ഇവിടം മന്ത്രി രവീന്ദ്രനാഥ് കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു. ഇവിടെ താത്കാലികമായി ഒരു മീറ്റർ വീതിയിൽ നടപ്പാലത്തിന്റെ നിർമാണം ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞവർഷം ഉരുൾപൊട്ടലിൽ കൊന്നത്തടി ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഏഴുപേരെ കാണാതായിരുന്നു. ഇവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തിന്റെ വിഷയം ഇന്നുചേരുന്ന മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മാങ്കുളം മേഖലയിൽ ഒറ്റപ്പെട്ടുപോയവർക്കു ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ലഭിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തിയതായി യോഗത്തിൽ തഹസീൽദാർ റിപ്പോർട്ട് ചെയ്തു. പെരിയവരെ പാലത്തിലൂടെ ചെറുവാഹനങ്ങൾ മാത്രമാണ് ഇപ്പോൾ കടത്തിവിടുന്നത്. ഈ സാഹചര്യത്തിൽ കെ എസ് ആർ ടി സി ബസുകൾക്ക് ഡീസൽ അടിക്കാനുള്ള ബദൽ സൗകര്യം ഏർപ്പെടുത്തണമെന്നു മന്ത്രി നിർദേശിച്ചു. കാലപ്പഴക്കം വന്ന അങ്കനവാടി കെട്ടിടങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനു തദ്ദേശസ്വയംഭരണ ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കും.
ജില്ലയിലെ കാർഷികമേഖലയിൽ താത്കാലിക പടുതാക്കുളങ്ങൾക്കു ചുറ്റും സംരക്ഷണ വേലി നിർമിക്കുന്ന കാര്യത്തിൽ ഗ്രാമപഞ്ചായത്തുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നു മന്ത്രി നിർദേശിച്ചു. മലയോരങ്ങളിൽ മഴക്കുഴികൾ നിർമിക്കാൻ പാടില്ല. മീൻവളർത്തലിനു അഞ്ചടി താഴ്ചയുള്ള കുഴികളാണു നിർമിക്കുന്നത്. വലിയ ജലസംഭരണികളുടെ ആഴവും ശേഷിയും പരിശോധിച്ചു നടപടികൾ സ്വീകരിക്കണം. മഴക്കെടുതിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള മറ്റു വിഷയങ്ങളും യോഗം ചർച്ച ചെയ്തു. യോഗത്തിൽ ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ, എഡിഎം ആന്റണി സ്‌കറിയ, എഡിഎം അതുൽ സ്വാമിനാഥൻ എന്നിവരും വിവിധ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു.

ക്യാമ്പിൽ 292 പേർ

ഇതുവരെ അഞ്ചുപേർ മരിച്ചു. അഞ്ചുപേർക്ക് വിവിധ അപകടങ്ങളിലായി പരിക്കേറ്റു. 53 വീടുകൾ പൂർണമായും 367 വീടുകൾ ഭാഗികമായും തകർന്നു. ഏഴ് ക്യാമ്പുകളിലായി 95 കുടുംബങ്ങളിലെ 292 പേരാണ് ഇപ്പോഴുള്ളത്.