ഇടുക്കി : മഴക്കെടുതിയിൽപ്പെട്ട ക്ഷീരകർഷകർക്ക് കൈത്താങ്ങായി ക്ഷീര വികസനവകുപ്പ് . ജില്ലയിൽ 8 പശുക്കളും 3 കിടാരികളും ഒരു കന്നുകുട്ടിയും നഷ്ടമായിട്ടുണ്ട്. 28 കാലിത്തൊഴുത്തുകൾ പൂർണ്ണമായും 2 തൊഴുത്ത് ഭാഗികമായും തകർന്നു. 35 ഹെക്ടറോളം സ്ഥലത്തെ പുൽക്കൃഷി നശിച്ചു. ദുരിതങ്ങൾ നേരിട്ട വിവിധ ക്ഷീരകർഷകരെ ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥർ ,ക്ഷീരസംഘം ഭാരവാഹികൾ എന്നിവർ ഭവനങ്ങൾ സന്ദർശിച്ച് ക്ഷീരവികസനവകുപ്പിന്റെ ധനസഹായം വിതരണം ചെയ്തു. പശുക്കൾ നഷ്ടപ്പെട്ടവർക്ക് പതിനയ്യായിരം രൂപയും കാലിത്തൊഴുത്ത് തകർന്നവർക്ക് അയ്യായിരം രൂപയും ആണ് ധനസഹായം നൽകിയത്. വിവിധ സ്ഥലങ്ങളിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥരും സംഘം ഭാരവാഹികളും സന്ദർശനം നടത്തി സഹായം നൽകി. പ്രളയ ദുരിത ബാധിതർക്ക് നൽകാനായി 500 ചാക്ക് കേരളാ ഫീഡ്സ് കാലിത്തീറ്റ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. പ്രളയബാധിതനായ കർഷകനു 10 ദിവസം വരെ കൊടുക്കാനുള്ള കാലിത്തീറ്റ ജില്ലയിൽ എത്തിച്ചിട്ടുണ്ട്. പുല്ല്, വൈക്കോൽ, ടി എം ആർ തുടങ്ങിയവ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു . എല്ലാ ക്ഷീര കർഷകരിൽ നിന്നും പാൽ ശേഖരിക്കുന്നതിനുള്ള സജ്ജീകരണം മിൽമയുമായി ആലോചിച്ച് നടപ്പിലാക്കിയിട്ടുണ്ട്.. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി അതാത് ബ്ലോക്കിലെ ക്ഷീര വികസന ഓഫീസർമാരുമായോ ക്ഷീര സംഘം ഭാരവാഹികളുമായോ ക്ഷീര കർഷകർ ബന്ധപ്പെടണമെന്ന് ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജിജ സി കൃഷ്ണൻ അറിയിച്ചു.