ചെറുതോണി : കഴിഞ്ഞ പ്രളയക്കെടുതിയിലും വീടുകളോട് ചേർന്ന തിട്ടകൾ ഇടിഞ്ഞ് അപകടാവസ്ഥയിലായവർക്ക് സംരക്ഷണഭിത്തി നിർമ്മിച്ചുനൽകാൻ സർക്കാർ നടപടി സ്വീകരിക്കാത്തതുമൂലം ഒട്ടേറെ കുടുംബങ്ങൾ ഭീതിയിലാണെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ. പറഞ്ഞു. ഇതുപരിഹരിക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയോ ഇടുക്കി പാക്കേജിന്റെ ഭാഗമായോ അപകടാവസ്ഥയിലായ വീടുകൾക്ക് സംരക്ഷണഭിത്തി നിർമ്മിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം . പൊതുമരാമത്തിന്റെയും പഞ്ചായത്തിന്റെയും അധീനതയിലുള്ള റോഡിന്റെ തിട്ടകൾ ഇടിഞ്ഞ് നിരവധി വീടുകൾ അപകടാവസ്ഥയിലായിട്ടുണ്ട്. എന്നാൽ ഇത്തരം മേഖലകളിൽ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് യാതൊരു നടപടികളും വകുപ്പുതലത്തിൽ സ്വീകരിച്ചിട്ടില്ല. ഒട്ടേറെ പ്രദേശങ്ങളിൽ മലവെള്ളപ്പാച്ചിലിൽ തോടിന്റെ ഇരുകരകളും ഇടിഞ്ഞ് കൃഷി നാശവും വ്യാപകമായ നഷ്ടവും സംഭവിച്ചിരിക്കുകയാണ്. ഇവ പരിഹരിക്കുന്നതിനായി പ്രത്യേക പരിഗണന നൽകണമെന്നും എംഎൽ.എ. ആവശ്യപ്പെട്ടു. വീടിന് പിൻഭാഗത്തെ മൺതിട്ടയിടിഞ്ഞ് അപകടാവസ്ഥയിലായ അറക്കുളം പഞ്ചായത്തിലെ അശോക ഭാഗത്ത് താമസക്കാരനായ പുത്തൻമഠത്തിൽ ജോസഫിന്റെ വീട് സന്ദർശിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ഗോപിനാഥും പഞ്ചായത്ത് ജീവനക്കാരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.