soil

രാജാക്കാട്: പെരിയകനാലിന് സമീപം 60 ഏക്കർ ബി.ഡിവിഷൻ റോഡിൽ മലയിടിഞ്ഞ് താഴ്ന്നു. നൂറുകണക്കിന് അടി ഉയരമുള്ള കടും തൂക്കായ മലമുകളിലെ റോഡിൽ നൂറ് മിറ്ററോളം ദൂരത്തിലാണ് ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത്. മുട്ടുകാട് പാടശേഖരത്തിൽ നിന്നും ഒന്നരകിലോമീറ്റർ ഇയരത്തിലാണിവിടം. മലഞ്ചെരിവിൽ താമസിക്കുന്ന ഇരുനൂറോളം കുടുംബങ്ങൾ ഇതോടെ ആശങ്കയിലായി. റവന്യൂ അധികൃതരും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. വെള്ളിയാഴ്ച പുലർച്ച് മൂന്നോടെയാണ് ഭൂമി കുലുക്കത്തിന് സമാനമായ രീതിയിൽ വലിയ ശബ്ദത്തോടെ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്നത്.

ഇതോടൊപ്പം പലയിടത്തും ചെറിയതോതിൽ ഉരുൾപൊട്ടലുകളുമുണ്ടായി.സമുദ്രനിരപ്പിൽ നിന്നും 3848 അടിയിലേറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മുട്ടുകാട് മലനിരകൾക്ക് കുറുകെയുള്ള റോഡ് ആണിത്. ഉറപ്പുകുറഞ്ഞ മണ്ണും പാറക്കെട്ടുകളും നിറഞ്ഞ ചെങ്കുത്തായ മലനിരകളിലൂടെയും വനഭാഗങ്ങളിലൂടെയുമാണ് പാത നിർമ്മിക്കുന്നത്.വിള്ളൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഭാഗത്ത് നൂറ്റിഅൻപത് മീറ്ററോളം ദൂരത്തിൽ ഇടിഞ്ഞുതാണിട്ടുണ്ട്. നാലടിയോളം താഴ്ച്ചയുള്ള വിള്ളലുകളാണ് ഉടനീ;ളം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മലമുകളിൽ പെയ്യുന്ന വെള്ളം പാറക്കെട്ടുകളിലൂടെ ഒഴുകിയെത്തി ഈ വിള്ളലുകളിലേയ്ക്കാണ് ഇങ്ങുന്നത്. പ്രദേശത്ത് രണ്ട് ദിവസമായി മഴയ്ക്ക് ശമനമുണ്ട്.

എന്നാൽ മഴ കനത്താൽ അത് വൻ ദുരന്തത്തിലേയ്ക്ക് നയിക്കുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. വിള്ളൽ ഉണ്ടായിരിക്കുന്നതിന് താഴ്ഭാഗം ഏലം, കുരുമുളക് തോട്ടങ്ങൾ നിറഞ്ഞ കാർഷിക മേഖലയാണ്. ഇതിന്റെ അടിവാരത്താണ് 'ഹൈറേഞ്ചിന്റെ കുട്ടനാട്ട്' എന്നറിയപ്പെടുന്ന വിശാലമായ മുട്ടുകാട് പാട്‌ശേഖരം. കഴിഞ്ഞ പ്രളയാകാലത്ത് ഈ മലയിൽ നിരവധി വലിയ ഉരുൾപൊട്ടലുകൾ ഉണ്ടായതിനെ തുടർന്ന് പാടത്ത് മലവെള്ളവും മണ്ണും കയറി കൃഷി നശിച്ചിരുന്നു. നിരവധി ഏക്കർ കൃഷിയിടം നശിക്കുകയും ചെയ്തു. മലയ്ക്ക് കുറുകെ പാത നിർമ്മിക്കുന്നത് അശാസ്ത്രീയമാണെന്ന് കാട്ടി നാനൂറോളം പേർ ഒപ്പിട്ട പരാതി അന്ന് ജില്ലാ കളക്ടർക്ക് നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല.

സ്ഥിതി അതീവ ഗുരുതരമെന്നാണ് സ്ഥലം സന്ദർശിച്ച ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും, ചിന്നക്കനാൽ പഞ്ചായത്ത് അധികൃതരും,റവന്യൂ അധികൃതരും വിലയിരുത്തിയിരിക്കുന്നത്. താഴ്ഭാഗത്തെ ജനങ്ങളെ മാറ്റി പാർപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്ക് ശുപാർശ ചെയ്യുമെന്ന് ഇവർ അറിയിച്ചിരിക്കുന്നത്. കുടുംബങ്ങളോട് സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.