landslide
കനത്ത മഴയിൽ തൊടുപുഴ പുതുപ്പരിയാരത്ത് കനാലിന് സമീപം മണ്ണിടിഞ്ഞപ്പോൾ

തൊടുപുഴ: കനത്ത മഴയിൽ പുതുപ്പരിയാരം ആശുപത്രിക്ക് സമീപത്തെ കനാൽ ഇടിഞ്ഞു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് എം.വി.ഐ.പി കനാലിന് കുറുകെയുള്ള പാലത്തിന് സമീപത്ത് മണ്ണിടിച്ചിലുണ്ടായത്. ഈ സമയം ഇതുവഴി പോയ ബൈക്കുകാരൻ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. കുന്നത്തുപ്പാറയിൽ നിന്ന് പെരിയാമ്പ്രയിലെ പമ്പ് ഹൗസിലേക്ക് പോകുന്ന പൈപ്പ് കണക്ഷനുകൾ മണ്ണിടിച്ചിലിൽ തകർന്നു. പ്രധാന വഴിയല്ലെങ്കിലും ഗതാഗതയോഗ്യമല്ലാത്ത വിധം ഈ റോഡ് പൂർണമായും തകർന്നു. പാലത്തിന് അടിയിലൂടെ കനാലിന് മുകളിലായി വെള്ളമൊഴുകുന്ന ഒരു അക്വഡേറ്റ് പോകുന്നുണ്ട്. ഈ അക്വഡേറ്രിൽ മാലിന്യം നിറഞ്ഞ് വെള്ളം ഒഴുകാതായിട്ട് നാളുകളായി. ഇതെത്തുടർന്ന് സമീപത്തെ തോട്ടിൽ നിന്ന് വരുന്ന വെള്ളം പാലത്തിനടുത്ത് കെട്ടിനിന്നതാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. മണ്ണിടിച്ചിലിൽ പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. നാട്ടുകാർ എം.വി.ഐ.പി അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്.