തൊടുപുഴ: പ്രളയം തകർത്ത നാടിനു വേണ്ടി ഇടുക്കി പ്രസ്സ് ക്ലബ്ബും പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയും കൈകോർത്ത് സഹായമെത്തിക്കും. ഇതിനായി ജില്ലയിലെമ്പാടും നിന്നുള്ള ധനസഹായങ്ങൾ തൊടുപുഴയിലെ പ്രസ്‌ക്ലബ് ഹാളിൽ ബുധനാഴ്ച മുതൽ സ്വീകരിച്ചുതുടങ്ങും. ജില്ലയിലെ മാധ്യമ പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഉദ്യമത്തിൽ പങ്കാളികളാകും. ദുരിതബാധിതർക്ക് സഹായം നേരിട്ട് എത്തിച്ചു നൽകുന്നതിന് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കുമെന്ന് പ്രസ്സ് ക്ലബ് ഭാരവാഹികളും പോലീസ് അസോസിയേഷൻ നേതൃത്വവും അറിയിച്ചു. ഉദ്യമത്തിൽ എല്ലാവരുടെയും സഹകരണം ഭാരവാഹികൾ അഭ്യർഥിച്ചു. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ക്ലബ് ഹാളിൽ സാമഗ്രികളുടെ സ്വീകരണം ഇടുക്കി ജില്ല പൊലീസ് മേധാവി ടി. നാരായണൻ നിർവഹിക്കും.