രാജാക്കാട് : മമ്മട്ടിക്കാനത്ത് വീടുകയറി ആക്രമിച്ച മരുമകനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് കൊന്ന സംഭവത്തിൽ വൃദ്ധ ദമ്പതികൾ റിമാന്റിൽ. മാരാർസിറ്റി കൈപ്പള്ളിൽ ശിവൻ (69), ഭാര്യ ജഗദമ്മ (63) എന്നിവ രെയാണ് കോടതി റിമാന്റ് ചെയ്തത്. കോട്ടയത്ത് നിന്നുള്ള ഫോറൻസിക് വിദഗ്ധർ കൊലനടന്ന വീട്ടിൽ ശാസ്ത്രീയ പരിശോധന നടത്തി. മകളുടെ ഭർത്താവ് എറണാകുളം ആലങ്ങാട് കൊങ്ങാരപ്പിള്ളി സ്വദേശി കൂട്ടുങ്കൽ ഷിബുവിനെ (49) ആണ് ശിവ നും ഭാര്യ ജഗദമ്മയും ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. ഇരുവരും സ്വമേധയാ കുറ്റം സമ്മതിച്ചിരുന്നു. സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നും രാജാക്കാട് സി. ഐ എച്ച്. എൽ ഹണി അറിയിച്ചു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് ദാരുണമായ സംഭവം നടന്നത്. ശിവന്റെ മകൾ ഷീജയും ഷിബുവും തമ്മിൽ വിവാഹിതരായെങ്കിലും വർഷങ്ങൾക്ക് മുൻപ് ബന്ധം വേർപിരിഞ്ഞിരുന്നു. തിങ്കളാഴ്ച രാവിലെ മുൻ വൈരാഗ്യം തീർക്കാൻ മമ്മട്ടിക്കാനത്ത് വീട്ടിൽ എത്തിയ ഷിബു ശിവനുമായും ജഗദമ്മയുമായും വഴക്കുണ്ടാക്കി. തുടർന്ന് കൈവശം ഒളിപ്പിച്ചിരുന്ന വാക്കത്തി എടുത്ത് ഇരുവരെയും ആക്രമിക്കാൻ ശ്രമിച്ചു. ചെറുത്ത് നിൽക്കുന്നതിന്റെ ഭാഗമായി വീട്ടിൽ ഉണ്ടായിരുന്ന ചുറ്റിക എടുത്ത് ശിവൻ ഷിബുവിന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. അടിയേറ്റ് വീട്ടിനുള്ളിലെ ഹാളിൽ വീണ ഇയാൾ തൽക്ഷണം മരിച്ചു. അടിമാലി കോടതിയിൽ ഹാജരാക്കിയ ശിവനെ ദേവികുളം സബ് ജയിലിലും ജഗദമ്മയെ വിയ്യൂർ സെൻട്രൽ ജയിലിലുമാണ് റിമാന്റ് ചെയ്തതത്.