തൊടുപുഴ: മാരിയിൽ കലുങ്ക് പാലം ഗതാഗത യോഗ്യമാക്കുന്നതിനായി അപ്രോച്ച് റോഡ് നിർമാണത്തിന് സർക്കാർ അനുമതി നൽകിയതിനാൽ പാലത്തിന്റെ ഇരു വശങ്ങളിലും റോഡ് നിർമാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിന് ജില്ലാ ഭരണകൂടം തീരുമാനിച്ചു. 2013ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമവും 2015ലെ കേരള ചട്ടങ്ങളും അനുസരിച്ചാണ് നടപടി. ഭൂമി നഷ്ടപ്പെടുന്ന ഉടമകൾക്ക് ഉണ്ടാകുന്ന നഷ്ടങ്ങളും സാമൂഹ്യപ്രത്യാഘാതം സംബന്ധിച്ചുമുള്ള റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുന്നതിനായി ഇന്ന് രാവിലെ 11ന് ഒളമറ്റം മൗര്യാഗാർഡനിൽ ഭൂഉടമകൾക്കും കക്ഷികൾക്കുമായി ഹിയറിംഗ് സംഘടിപ്പിക്കും. പി.ജെ.ജോസഫ് എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സൺ ജെസി ആന്റണി , കൗൺസിലർമാർ, ഭൂപതിവ് സ്‌പെഷ്യൽ തഹസൽദാർ, റവന്യു, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും