തൊടുപുഴ:കാഡ്സിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കേരള സുസ്ഥിര കാർഷിക വികസന ഉത്പാദക കമ്പനി 11.27 കോടി വരവും 10.25 കോടി ചെലവും 1.02 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പാസാക്കി.ചെയർമാൻ ആന്റണി കണ്ടിരിക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ജേക്കബ് മാത്യു ബജറ്റ് അവതരിപ്പിച്ചു.വെങ്ങല്ലൂർ നാലുവരിപ്പാതയിൽ നിർമിക്കുന്ന കർഷക ഓഷൺ മാർക്കറ്റായ വില്ലേജ് സ്‌ക്വയറിന് നാലു കോടിയും കാർഷികോത്പന്നങ്ങളുടെ സംഭരണത്തിന് നാലു കോടിയും എറണാകുളം നഗരത്തിൽ ആരംഭിക്കുന്ന മൂന്ന് വിപണനകേന്ദ്രങ്ങൾക്ക് ഒരു കോടിയും ജൈവകൃഷി വ്യാപനത്തിന് 13 ലക്ഷവും, കർഷക പരിശീലനത്തിന് 10 ലക്ഷവും ലേബർ ബാങ്കിന് 10 ലക്ഷവും പച്ചക്കുടുക്ക പദ്ധതിക്ക് 20 ലക്ഷവും ചെലവുകൾക്കായി 53 ലക്ഷവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.കാർഷികോത്പന്നങ്ങളുടെ വിപണനത്തിലൂടെ അഞ്ചു കോടിയും ഓഹരികളുടെ വിതരണനത്തിലൂടെ 4.5 കോടിയും വിവിധ സർക്കാർ ഏജൻസികളുടെ സഹായധനമായി 50 ലക്ഷവും സർവീസ് മേഖലകളിൽ നിന്നു 50 ലക്ഷവും ഉൾപ്പെടെ 11.27 കോടിയാണ് വരവ് പ്രതീക്ഷിക്കുന്നത്.ഉത്പാദനം ഇടുക്കിയിൽ വിപണനം എറണാകുളത്ത് എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം നഗരത്തിൽ ആരംഭിക്കാനുദ്ദേശിക്കുന്ന 10 മാർക്കറ്റുകളിൽ മൂന്നെണ്ണം ഈ വർഷം തൃപ്പൂണിത്തുറ,തേവര,പനമ്പിള്ളിനഗർ എന്നിവിടങ്ങളിൽ ആരംഭിക്കും. ഇടുക്കി ജില്ലയിലെ മാങ്കുളം ജൈവഗ്രാമം മോഡലിൽ എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്ത് സ്‌പൈസസ് ബോർഡിന്റെ സഹായത്തോടെ സർട്ടിഫെഡ് ജൈവ പഞ്ചായത്തായി മാറും.കാർഷിക മേഖലയിൽ നിലനിൽക്കുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് 50 തൊഴിലാളികൾ അടങ്ങുന്ന ലേബർ ബാങ്കിന് രൂപം നൽകും.തൊടുപുഴയിൽ ആരംഭിക്കുന്ന വില്ലേജ് സ്‌ക്വയറിൽ കാർഷിക ഭക്ഷ്യസംസ്‌കരണ മേഖലയിൽ പരിശീലനം നേടിയവ 25 സംരംഭകർക്ക് വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ സംരംഭങ്ങൾ ആരംഭിക്കാൻ അവസരമൊരുക്കും.കാർഷിക മേഖലയിൽ സാങ്കേതിക മികവ് വർധിപ്പിക്കുന്നതിന് എംജിയുണിവഴ്സിറ്റി,കാർഷിക യൂണിവഴ്സിറ്റി എന്നിവയുടെ സേവനം ഉറപ്പുവരുത്തുന്നതിനുള്ള നിർദേശങ്ങളും ബജറ്റിലുണ്ട്. ഫെയർ ട്രേഡ് സർട്ടിഫിക്കറ്റോടുകൂടി സ്വിറ്റ്സർലൻഡിലേക്ക് കൊക്കോ കയറ്റുമതി ചെയ്യുന്നതിനു നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.