തൊടുപുഴ: നഗരസഭ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാൻ ദ്രുതകർമ സേന രൂപീകരിക്കാൻ ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. ഓരോ വാർഡിലും രണ്ടു വനിതകളെ വീതം തെരഞ്ഞെടുത്ത് ഇവരെ മാസവേതനം നൽകിയാണ് നിയമിക്കുന്നത്. നേരത്തെയും പദ്ധതി നടപ്പിലാക്കാൻ കൗൺസിലിൽ തീരുമാനിച്ചിരുന്നെങ്കിലും ഇത് നടപ്പാക്കാത്ത സാഹചര്യത്തിലാണ് പ്രശ്നം ഇന്നലെ കൗൺസിൽ യോഗത്തിൽ ഉന്നയിക്കപ്പെട്ടത്.
ആറായിരം രൂപ പ്രതിമാസ വേതനത്തിലാണ് ദ്രുത കർമസേനാ വോളന്റിയർമാരെ നിയമിക്കുക. 21നു മുൻപ് അപേക്ഷ നൽകുന്നവരിൽ നിന്നാണ് വോളന്റിയർമാരെ തെരഞ്ഞെടുക്കുന്നത്. എല്ലാ വീടുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ച് അവ വോളന്റിയർമാർക്ക് കൈമാറണം. ഇതിനായി ഓരോ വീടുകളിൽ നിന്നും പ്രതിമാസം 30 രൂപ വീതം ഈടാക്കും. പ്ലാസ്റ്റിക് കത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിയമം ലംഘിക്കുന്നവരിൽ നിന്നും 2000 രൂപ പിഴ ഈടാക്കാനും കൗൺസിൽ തീരുമാനിച്ചു.
മഴ പെയ്താൽ നഗരം വെള്ളക്കെട്ടാകുന്നുവെന്ന പരാതിയും കൗൺസിലിൽ ഉയർന്നു. റോഡരികിലെ ഓടകളിൽ മാലിന്യം വന്നു മൂടുന്നതിനാലാണ് നഗരത്തിലെ പല ഭാഗത്തും വെള്ളക്കെട്ടുണ്ടാകുന്നതിനു കാരണമെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. മണക്കാട്, റോഡ്, പാലാ റോഡ്, കാഞ്ഞിരമറ്റം ജംഗ്ഷൻ എന്നിവിടങ്ങളിൽ മഴ പെയ്താൽ പതിവായി വെള്ളക്കെട്ടുണ്ടായി കാൽനടയാത്ര പോലും സാധ്യമാവില്ലെന്ന് കൗൺസിലർമാർ പറഞ്ഞു. അടിയന്തരമായി ഓടകളിലെ തടസങ്ങൾ നീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കൗൺസിൽ യോഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.