രാജാക്കാട്: ഉരുൾപൊട്ടലുകളും മലയിടിച്ചിലും മിന്നൽ പ്രളയവും പന്നിയാർകുട്ടിയെന്ന കുടിയേറ്റ പ്രദേശത്തെ പാടേ തർകർത്തിട്ട് ഒരു വർഷം തികയുന്നു. എസ് വളവിൽ ഉണ്ടായ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു. കാണാതായ മൂന്നു പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കൊന്നത്തടി രാജാക്കാട് പഞ്ചായത്തുകളിലായി 42 വീടുകൾ പൂർണ്ണമായും, 80 എണ്ണം ഭാഗികമായും ഈ മേഖലയിൽ മാത്രം തകർന്നു. 9 കടകളും, ഒരു ആട്ടോ മൊബൈൽ വർക്ക് ഷോപ്പും ഇതിനു പുറമെ നശിച്ചു. രാജാക്കാട് അടിമാലി സംസ്ഥാന പാത, തേക്കിൻകാനം പന്നിയാർകൂട്ടി, ഉണ്ടമല പന്നിയാർകൂട്ടി, ശ്രീനാരായണപുരം ഇടിഞ്ഞകുഴിപ്പടി കൊച്ചുമുല്ലക്കാനം തുടങ്ങി നിരവധി റോഡുകൾ തകർന്നു. ആടും കന്നുകാലിയും നായ്ക്കളും ഉൾപ്പെടെ നൂറുകണക്കിന് വളർത്തുമൃഗങ്ങൾ ചത്തു. ഏക്ക കണക്കിന് സ്ഥലത്തെ തെങ്ങ്, ജാതി, കുരുമുളക്, കമുക്, റബ്ബർ തുടങ്ങിയ വിളകൾ നശിച്ചു. നല്ലൊരുപങ്ക് വീടുകൾക്ക് ചുറ്റിലും മണ്ണിടിഞ്ഞ് വീണ് അപകടാവസ്ഥയിലായി.
ആ നാല് കറുത്ത ദിനങ്ങൾ
ചുറ്റിലും മാനം മുട്ടെ ഉയർന്ന് മേഘങ്ങളാൽ മൂടി കറുത്തിരുണ്ട് കിടക്കുന്ന മലകളും, ആർത്തലച്ചൊഴുകുന്ന പുഴകളുടെ ഗർജ്ജനവും, മഴയുടെ ഇരമ്പവും, ഇടയ്ക്കിടെയുണ്ടാകുന്ന അജ്ഞാത ശബ്ദങ്ങളും പ്രകമ്പനങ്ങളും ഒരു ദുരന്തത്തിന്റെ മുന്നോടിയാണെന്ന് നാട്ടുകാർക്ക് ദിവസങ്ങളായി തോന്നിയിരുന്നു. മാട്ടുപ്പെട്ടി പൊന്മുടി ഡാമുകൾ ഒരുമിച്ച് തുറന്നുവിട്ട സമയം.13 ന് ആയിരുന്നു ടൗണിൽ ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത്. മണ്ണും ചെളിയും മരങ്ങളും രാജാക്കാട്അടിമാലി പൊതുമരാമത്ത് റോഡിൽ പ്രവർത്തിക്കുന്ന കടകളുടെ വാതിൽക്കൽ വരെ എത്തി.റോഡ് ബ്‌ളോക്ക് ആയി. അധികൃതർ ജെ.സി.ബി എത്തിച്ച് ഇവയെല്ലാം നീക്കം ചെയ്തു. ദേവികുളം സബ്കളക്ടർ വി.ആർ പ്രേംകുമാർ 15 ന് പന്നിയാർകുട്ടിയിലെ ഇരു ടൗണുകളിലുമെത്തി രാജാക്കാട് ഭാഗത്തെ 8 കുടുംബങ്ങളെയും, കടകളും, മറുകരയിൽ കൊന്നത്തടി അതിർത്തിയിലെ പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നതടക്കം 11വ്യാപാര സ്ഥാപനങ്ങളും ഒഴിപ്പിച്ച് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റി. പിറ്റേന്ന് ബാബു, തങ്കച്ചൻ, സൂര്യൻ എന്നിവരുടെ കടകൾ ഉരുളെടുത്തു. സമീപത്തെ കുരിശുപള്ളി, കട, വെ്ര്രയിങ് ഷെഡ്ഡ് എന്നിവയുടെ മീതേ മുന്നൂറു മീറ്ററോളം മുകളിൽനിന്നും ഉരുൾപൊട്ടി എത്തിയ മണ്ണും മരങ്ങളും പതിച്ചു.
അടുത്ത ദിവസം പകൽ പന്ത്രണ്ടോടെ മലയുടെ ഒരു ഭാഗം ഇടിഞ്ഞ് മറ്റൊരു കടകൂടി തകർത്തുകൊണ്ട് പുഴയിൽ പതിച്ചു. ഇതോടെ പുഴവെള്ളം ഇക്കരെ കൂട്ടിയിലെ കലുങ്കോളം ഉയർന്നു. മലയിൽ കൂടുതൽ ഭാഗത്ത് വിള്ളലുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു.രണ്ടരയോടെ മലയുടെ വലിയൊരു ഭാഗം ഇടിഞ്ഞ് ഭീകരമായ ശബ്ദത്തോടെ പുഴയിൽ പതിച്ചു. പുഴയിറമ്പിലെ വീടൂകളും കടകളും തകർത്തുകൊണ്ട് അൻപതടിയോളം ഉയരത്തിൽ തിരമാല പോലെ വെള്ളം കരയിലേയ്ക്ക് ആഞ്ഞടിച്ചു. അംഗൻവാടി, മൃഗാശുപത്രി കെട്ടിടം, ക്ലബ്ബ്, കുരിശടി, കലുങ്ക് തുടങ്ങിയവയും, തെങ്ങും ജാതിയുമുൾപ്പെടെയുള്ള സർവ്വതും തകർത്തുകൊണ്ട് കരയിലേയ്ക്ക് പാഞ്ഞുകയറി. തൊട്ട് താഴെ പോത്തുപാറയ്ക്കുള്ള വള്ളക്കടവ് നടപ്പാലവും പാടേ തകർന്നു. ഒട്ടനവധി കുടുംബങ്ങളാണ് കൊള്ളിമല സ്‌കൂളിലെയും, വിമലസിറ്റിയിലെയും പൊന്മുടിയിലെയും ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയത്.
വെല്ലുവിളിയായി റോഡുകളുടെ പുനർ നിർമ്മാണം
രാജാക്കാട് അടിമാലി റോഡ് കുളത്രക്കുഴി വളവ് മുതൽ വെള്ളത്തൂവൽ വിമലസിറ്റി വരെയുള്ള 6.8 കിലോമീറ്റർ 4.5 കോടി രൂപ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് പണിതെങ്കിലും പന്നിയാർകൂട്ടിയിൽ ഇടിച്ചിൽ ഉണ്ടായ ഭാഗത്തെ പണികൾ പൂർത്തിയാക്കാനായിട്ടില്ല. 8 മീറ്റർ കനത്തിലും, 60 മീറ്റർ നീളത്തിലും, 15 മീറ്റർ ഉയരമുള്ള സംരക്ഷണ ഭിത്തിയുടെ നിർമ്മാണം തൊണ്ണൂറ് ശതമാനവും പൂർത്തിയായെങ്കിലും, മലമുകളിൽ നിന്നും മണ്ണും ചെളിയും നിരന്തരം ഊർന്നിറങ്ങുന്നത് തുടരുകയാണ്. ഇതോടൊപ്പം ഗതാഗത തടസ്സവും പതിവാണ്. പന്നിയാർകൂട്ടി ഉണ്ടമല, പന്നിയാർകൂട്ടി ശ്രീനാരായണപുരം തേക്കിൻകാനം, ശ്രീനാരായണപുരം ഇടിഞ്ഞകുഴിപ്പടി റോഡുകൾ അറ്റകുറ്റപ്പണി ചെയ്തിട്ടില്ല.