മുട്ടം : ജില്ലാ കോടതിയടക്കമുള്ള സ്ഥാപനങ്ങളും അനുബന്ധ ഓഫിസുകളും പരിസരത്തെ സ്‌കൂളുകളും കോളജുമടക്കമുള്ള സ്ഥാപനങ്ങളും ഗ്രീൻപ്രോട്ടോക്കോളിലേയ്ക്ക്.സ്വാതന്ത്ര്യദിനത്തിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദ് ഗ്രീൻപ്രോട്ടോക്കോൾ പ്രഖ്യാപനം നിർവഹിക്കും.ഹരിതകേരളം മിഷന്റെ മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം രണ്ടാംഘട്ടത്തിന്റെ ഭാഗമായ ഹരിതനിയമ സാക്ഷരതാ കാമ്പെയിന്റെ ജില്ലാ തല ഉദ്ഘാടനവും ജസ്റ്റിസ് പി ഉബൈദ് നിർവഹിക്കും.ജില്ലാ കോടതി വളപ്പിലെ പച്ചത്തുരുത്തും നാടിന് സമർപ്പിക്കും.
മുട്ടം ബാർ അസോസിയേഷൻ ഹാളിൽ രാവിലെ 10ന് നടക്കുന്ന സമ്മേളനത്തിൽ ജില്ലാ ജഡ്ജി മുഹമ്മദ് വസീം അധ്യക്ഷനാകും.ജില്ലാ ഹരിതകേരളവും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ,ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ദിനേശ് എം പിള്ള, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. ജി എസ് മധു,ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ സാജു സെബാസ്റ്റ്യൻ, അസിഫോറസ്റ്റ് കൺസർവേറ്റർ സാബി വർഗീസ്, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ കെ വി കുര്യാക്കോസ്, കുടംബശ്രീ ജില്ലാ കോർഡിനേറ്റർ അജേഷ് ,ഫാ. കാർമൽ പ്രോവിൻസ് കൗൺസിലർ ഫാ. മാത്യു മഞ്ഞക്കുന്നേൽ, ഔസേപ്പച്ചൻ ചാരക്കുന്നത്ത് എന്നിവർ സംസാരിക്കും.