ഇടുക്കി : ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി നേതൃത്വം കൊടുക്കുന്ന വഴിക്കണ്ണ് പദ്ധതിയുടെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൊടുപുഴ വ്യാപാരി ട്രസ്റ്റ് ഹാളിൽ ട്രാഫിക് ലോക് അദാലത്ത് നടക്കും. കഴിഞ്ഞ ഒരു വർഷമായി തൊടുപുഴയിൽ പദ്ധതിയുടെ ഭാഗമായി ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണം, വാഹന പരിശോധന, കൗൺസലിംഗ് എന്നിവ നടത്തി പരിശോധനകളിൽ ലൈസൻസില്ലാതെ വാഹനം ഓടിക്കുക, ഇൻഷുറൻസില്ലാതെ വാഹനം നിരത്തിലിറങ്ങുക തുടങ്ങി ഒട്ടേറെ ഗൗരവകരമായ കേസുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് വാഹന പരിശോധനയും അതോടൊപ്പം കൗൺസലിംഗ് , ബോധവൽക്കരണം ഇവ കൂടുതൽ ആവശ്യമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.ജംഗ്ഷനുകളിൽ സ്പീഡ് നിയന്ത്രണത്തിനുള്ള സംവിധാനം, ദിശാബോർഡുകൾ മുന്നറിയിപ്പ് ബോർഡുകൾ, കാൽനടയാത്രക്കാരുടെ സുരക്ഷിത കുറവ്, അശാസ്ത്രീയമായ ബസ് സ്റ്റോപ്പുകൾ, ബസ് റൂട്ട് പ്രശ്നങ്ങൾ, സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ്, നിയമവിരുദ്ധമായ ഓട്ടോറിക്ഷ സ്റ്റാന്റുകൾ, ഫുട്പാത്തുകളുടെയും റോഡ് പുറമ്പോക്കുകളുടെയും അനധികൃത കയ്യേറ്റങ്ങൾ, അശാസ്ത്രീയമായ വഴിയോരക്കച്ചവടം, വൺവേ സംവിധാനത്തിലെ തകരാറുകൾ ഇവയെല്ലാം പരിഹരിക്കണം. ഈ പശ്ചാത്തലത്തിലാണ് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ജനങ്ങളെയും പങ്കെടുപ്പിച്ചു ട്രാഫിക് ലോക് അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്. ടൗണിലെ ഗതാഗതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൽ ജനകീയ കോടതിയായ ലോക് അദാലത്തിൽ ചർച്ചയിലൂടെ പരിഹരിക്കുകയാണ് ലക്ഷ്യം. ജില്ലാ ജഡ്ജി മുഹമ്മദ് വസിം അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. ഉബൈദ് അദാലത്ത് ഉദ്ഘാടനം ചെയ്യും. പി.ജെ. ജോസഫ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. മുൻസിപ്പൽ ചെയർപേഴ്സൺ ജെസി ആന്റണി മുഖ്യപ്രഭാഷണം നടത്തും. ജില്ലാകലക്ടർ എച്ച്. ദിനേശൻ, ജില്ലാ പൊലീസ് സൂപ്രണ്ട് ടി . നാരായണൻ, ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി ദിനേശ് എം പിള്ള, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ റെജി പി വർഗ്ഗീസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, മുൻസിപ്പൽ കൗൺസിലർമാർ, വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.