മുട്ടം: വർഷങ്ങൾക്ക് മുമ്പ് മലങ്കര ഡാമിന്റെ നിർമാണത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും നിരവധിപ്പേർ എത്തിയിരുന്നു. ഇവരിൽ അവശേഷിക്കുന്ന എട്ട് കുടുംബങ്ങൾ മലങ്കര ഡാമിന്റെ മുൻ ഭാഗത്തായി കുടിൽ കെട്ടി ഇപ്പോഴും താമസിക്കുന്നുണ്ട്. ബാക്കിയുള്ള അഞ്ച് കുടുംബക്കാർ മലങ്കര ടൂറിസം പദ്ധതി പ്രദേശത്തും കുടിൽ കെട്ടി കഴിയുന്നു. ഇവർക്ക് സ്ഥലവും വീടും സർക്കാർ നൽകുമെന്ന് വർഷങ്ങൾക്ക് മുമ്പ് അധികൃതർ ഉറപ്പ് നൽകിയതാണ്. ഈ വാഗ്ദാനം വിശ്വസിച്ചാണ് ഡാം നിർമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും തൊഴിലാളികൾ ഇവിടം വിട്ട് പോകാത്തത്. എന്നാൽ മാറി മാറി വന്ന സർക്കാരുകൾക്കൊന്നും ഇവർക്ക് നൽകിയ വാക്ക് പാലിക്കാനായില്ല. ഒടുവിൽ തൊഴിലാളികളുടെ നിരന്തര പോരാട്ടത്തെ തുടർന്ന് മുൻ സർക്കാരിന്റെ ഭരണകാലത്ത് 13 കുടുംബങ്ങൾക്കായി മുട്ടം വില്ലേജിൽ മലങ്കര കുപ്പിവെള്ള ഫാക്ടറിക്ക് സമീപം എം.വി.ഐ.പിയുടെ ഉടമസ്ഥതയിലുള്ള 39 സെന്റ് സ്ഥലം ഇവർക്കായി അനുവദിച്ചു. ഓരോ കുടുംബത്തിനും മൂന്ന് സെന്റ് ഭൂമി നൽകാനുള്ള നടപടികളും പൂർത്തീകരിച്ചു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ തുടർ നടപടികൾ വർഷങ്ങളായി ചുവപ്പുനാടയിൽ കുരുങ്ങി. ഇപ്പോൾ 13 കുടുംബങ്ങളും ഡാമിന് സമീപത്ത് പുറമ്പോക്കിൽ കുടിൽ കെട്ടി താമസിക്കുകയാണ്. കുടിവെള്ളമടക്കം യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇവിടെയില്ല. സമ്പൂർണ വൈദ്യൂതികരണത്തിന്റെ ഭാഗമായി വൈദ്യുതിയും സമ്പൂർണ്ണ ശുചിത്വ പദ്ധതി പ്രകാരം ശൗചാലയവും ഇവർക്ക് ലഭിച്ചിരുന്നു. മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാതെയാണ് ഇവർ വർഷങ്ങളായിട്ട് ഇവിടെ താമസിക്കുന്നത്.
ഡാം നിറയുമ്പോൾ നെഞ്ച് പിടയും
മഴ പെയ്യുമ്പോഴും മൂലമറ്റം പവർഹൗസിലെ വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കുമ്പോഴും ഡാമിൽ വെള്ളം ക്രമാതീതമായി ഉയരുമ്പോഴുമെല്ലാം ഡാമിന് മുന്നിൽ താമസിക്കുന്ന കുടുംബങ്ങളുടെ നെഞ്ചിൽ തീയാണ്. ഡാം സുരക്ഷ കമ്മിഷൻ മലങ്കര ഡാമിന്റെ ബലക്ഷയം സംബന്ധിച്ചുള്ള ആശങ്ക സർക്കാരിനെ അറിയിച്ചതും ഇവരുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. ഡാമിന്റെ ഷട്ടർ തുറക്കുമ്പോൾ പുഴയിൽ വെള്ളം ക്രമാതീതമായി ഉയരുന്നത് കുട്ടികളും പ്രായമായവരുമായി കഴിയുന്ന ഈ പാവങ്ങളുടെ ഭയം ഇരട്ടിയാക്കും.