പീരുമേട്: പഞ്ചായത്ത് പ്രസിഡന്റിനെതിരെ യു.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിൽ ചർച്ചയും വോട്ടെടുപ്പും വെള്ളിയാഴ്ച നടക്കും. നിലവിൽ സി.പി.എമ്മിന്റെ രജനി വിനോദ് പ്രസിഡന്റും കോൺഗ്രസിലെ അലക്‌സ് ഓടത്തിൽ വൈസ് പ്രസിഡന്റുമാണ്. ആറുമാസങ്ങൾക്ക് മുമ്പ് കോൺഗ്രസിലെ ടി.എസ്. സുലേഖ കുറുമാറി പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെയാണ് രജനി വിനോദ് പ്രസിഡന്റായത്. 17 അംഗ ഭരണസമിതിയിൽ രണ്ട് അംഗങ്ങളെ അയോഗ്യരാക്കിയതോടെ നിലവിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഏഴ് വീതം അംഗങ്ങളാണുള്ളത്. ഒരു എ.ഐ.ഡി.എം.കെ അംഗവുമുണ്ട്. പട്ടികജാതി വനിതാ സംവരണസീറ്റാണ് പ്രസിഡന്റ് സ്ഥാനം. കോൺഗ്രസിന് പട്ടികജാതി വനിത ഇല്ലാത്തതിനാൽ എ.ഐ.ഡി.എം.കെ അംഗമായ എസ്. പ്രവീണ യു.ഡി.എഫ് സ്ഥാനാർത്ഥിയാകാനാണ് സാദ്ധ്യത. പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്. പ്രവീണയെ പിന്തുണയ്ക്കാമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തിന് ഇവർ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. എ.ഐ.ഡി.എം.കെ നിലവിൽ ബി.ജെ.പിയുമായി സഖ്യത്തിലാണ്.