വേണാട്ടിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
രാജാക്കാട്: 60 ഏക്കർ ബി ഡിവിഷൻ റോഡിൽ വൻ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഉരുൾപൊട്ടൽ സാദ്ധ്യത നിലനിൽക്കുന്ന മുട്ടുകാട് ഭാഗത്തെ അമ്പതോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. വേണാട് എൽ.പി സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധുക്കളുടെ വീടുകളിലേയ്ക്കുമായി ഈ കുടുംബങ്ങൾ മാറി. 13 കുടുംബങ്ങളിലെ 39 പേരാണ് ക്യാമ്പിൽ എത്തിയിരിക്കുന്നത്. മുട്ടുകാട് പാടശേഖരത്തിൽ നിന്ന് ഒന്നരകിലോമീറ്റർ മുകൾ ഭാഗത്ത് ഉയർന്ന മലനിരയ്ക്ക് കുറുകെ കടന്നുപോകുന്ന റോഡിലാണ് കഴിഞ്ഞ ദിവസം വിള്ളൽ രൂപപ്പെട്ടത്. നൂറ് മീറ്ററിലധികം ദൂരത്തിൽ ഇടിഞ്ഞ് താന്നതിനെ തുടർന്ന് ജില്ലാ ജിയോളജിസ്റ്റ് ഡോ. വി. അജയകുമാർ, നെടുങ്കണ്ടം തഹസീൽദാർ നിജു കുര്യൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചിരുന്നു. അപകടാവസ്ഥ നിലനിൽക്കുന്നതായി ജിയോളജിസ്റ്റ് ഡോ. വി അജയകുമാർ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ ചൊവ്വാഴ്ച വൈകിട്ട് ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പ് തുറന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് ക്യാമ്പിലുള്ളത്. തദ്ദേശവാസികൾ സമീപ പ്രദേശങ്ങളിലെ ബന്ധുവീടുകളിലേയ്ക്കാണ് മാറിയിരിക്കുന്നത്. പ്രദേശത്ത് ഇന്നലെ കാര്യമായി മഴ പെയ്യാത്തതിനാൽ ആശങ്കകൾക്ക് കുറവ് വന്നിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് വലിയ ശബ്ദത്തോടെ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്നത്. ഇതോടൊപ്പം പലയിടത്തും ചെറിയ തോതിൽ ഉരുൾപൊട്ടലുമുണ്ടായി. സമുദ്രനിരപ്പിൽ നിന്ന് 3848 അടിയിലേറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മുട്ടുകാട് മലനിരകൾക്ക് കുറുകെയുള്ള ഈ റോഡിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. മലയ്ക്ക് കുറുകെ പാത നിർമ്മിക്കുന്നത് അശാസ്ത്രീയമാണെന്നും തങ്ങളുടെ ജീവനും സ്വത്തുവകകൾക്കും ഭീഷണി ഉയർത്തുന്ന റോഡ് നിർമ്മാണം ഉപേക്ഷിയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്ത് എത്തിയിട്ടുണ്ട്.
ഗൗരവത്തോടെ കാണണം
''വലിയ ഉരുൾപൊട്ടലിന്റെ ആരംഭമാണ് ഉണ്ടായിരിക്കുന്നത്. നാലടിയോളം ഭൂമി ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്.""
-ഡോ. വി. അജയകുമാർ
(മൈനിംഗ് ആന്റ് ജിയോളജി വിഭാഗം ജില്ലാ മേധാവി)