prathikal
പിടിയിലായ ഷിന്റോ സെബാസ്റ്റ്യൻ, ജിജോ തോമസ് എന്നിവർ.

രാജാക്കാട് : മാങ്ങാത്തൊട്ടിയിലെ ഏലത്തോട്ടത്തിൽ നിന്നും പച്ച ഏലക്കാ ശരത്തോടെ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കുത്തുങ്കൽ കുന്നേൽ ഷിന്റോ സെബാസ്റ്റ്യൻ (34), കല്ലാർ എട്ടേക്കർ കൊല്ലംപറമ്പിൽ ജിജോ തോമസ് (32) എന്നിവർക്കെതിരെയാണ് ഉടുമ്പൻചോല പൊലീസ് കേസെടുത്തത്. ശരത്തോടെ മുറിച്ചെടുത്ത അര ചാക്കോളം പച്ച ഏലക്കാ ഇവരിൽ നിന്നും കണ്ടെടുത്തു . അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയിൽ ഹാജരാക്കി. മാങ്ങാത്തൊട്ടി മുണ്ടയ്ക്കൽ സിബി, മുരിങ്ങയിൽ ഷാജി, കവളങ്ങാട്ട് ബിജു എന്നിവരുടെ കൃഷിയിടങ്ങളിലെ ഏലച്ചെടികളിൽ നിന്നുമാണ് ശരങ്ങൾ കായോടെ മുറിച്ചെടുത്തത്. ഇന്നലെ ഉച്ചയോടെ ബിജുവിന്റെ തോട്ടത്തിൽ നിന്നും ഇരുവരും ചേർന്ന് മോഷണം നടത്തുമ്പോൾ പിടിയിലാവുകയായിരുന്നു. നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ മോഷ്ടിച്ച അഞ്ച് കിലോ പച്ചക്കായ് അടിമാലിയിലെ ഒരു കടയിൽ ചൊവ്വാഴ്ച്ച വിറ്റതായി ഇവർ സമ്മതിച്ചു. ഏലക്കായ്ക്ക് ഉയർന്ന ലഭിക്കാൻ തുടങ്ങിയതോടെ പ്രദേശത്തെ തോട്ടങ്ങളിൽ ശരം ഉൾപ്പെടെ കായ് മോഷ്ടിക്കുന്നത് വ്യാപകമായിരിക്കുകയാണ്. പലരും സി.സി.ടി.വി ക്യാമറകൾ തോട്ടങ്ങളിൽ സ്ഥാപിക്കാൻ തുടങ്ങിയിട്ടുണ്ട്.