ചെറുതോണി: കഴിഞ്ഞ വർഷത്തെ ഉരുൾപൊട്ടലിൽ ഏറ്റവും കൂടുതൽ അപകടമുണ്ടാകുകയും ആറുപേർ മരിക്കുകയും ചെയ്ത വാഴത്തോപ്പ് പഞ്ചായത്തിലെ ഗാന്ധിനഗർ കോളനിയിൽ ഒരുവർഷം തികയുമ്പോഴും പുനരധിവാസം വാക്കുകളിൽ മാത്രം. പ്രളയക്കെടുതിയിൽ വാഴത്തോപ്പ് പഞ്ചായത്തിലെ 11ാം വാർഡായ ഗാന്ധിനഗർ കോളനിയിലെ ഒരു കുടുബമൊഴിച്ച് ബാക്കി മുഴുവനാളുകളും ദുരിതാശ്വാസ ക്യാമ്പിൽ മാസങ്ങളോളം കഴിഞ്ഞിരുന്നു. അപകടം നടന്ന് ഒരുവർഷം കഴിഞ്ഞിട്ടും ഗാന്ധിനഗർ കോളനി ഇനിയും സാധാരണ നിലയിലേയ്ക്ക് എത്തിയിട്ടില്ല.
കോളനിയിൽ അഞ്ഞൂറോളം കുടുംബങ്ങളിലായി 2400 അംഗങ്ങളാണ് താമസിക്കുന്നത്. വലിയവിള ദേവനേശന്റെ വീടിന് മുകളിൽ നിന്നാണ് ഉരുൾപൊട്ടിയത്. ഒഴുകിയെത്തിയ മണ്ണും ചെളിയും വന്നടിഞ്ഞ് ആ ഭാഗത്തുള്ള അഞ്ച് വീടുകൾ പൂർണമായും തകർത്താണ് താഴേക്ക് ഒഴുകിയത്. ഉരുൾപൊട്ടലിൽ വാർവിളാകത്ത് പെന്നമ്മ, കുന്നേൽ ബിജുകുട്ടൻ, ശാന്തിനിലയത്തിൽ വനരാജൻ, ഭാര്യ കല, കൊച്ചുമക്കൾ വിഷ്ണു, വൈശാഖ് എന്നിവരാണ് മരിച്ചത്. സമീപത്ത് 25ഓളം വീടുകളും അപകടത്തിൽപ്പെട്ടു. മൂന്നുബൈക്ക്, രണ്ടു ജീപ്പ്, മൂന്നു ഓട്ടോറിക്ഷകൾ, മിക്സർ മിഷ്യൻ, കട്ടിംഗ് മെഷീൻ, തുടങ്ങിയ ഉപകരണങ്ങളും ഒലിച്ചുപോയി. തലേദിവസം തന്നെ മഴ ശക്തി പ്രാപിച്ചതോടെ കോളനിയുടെ വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിലുണ്ടായതിനാൽ പലരും ക്യാമ്പുകളിലേയ്ക്ക് മാറിയിരുന്നതിനാൽ അപകടത്തിന്റെ തീവ്രത കുറഞ്ഞു. തലേദിവസം ക്യാമ്പിൽ പോയിരുന്ന പൊന്നമ്മ പുതപ്പ് എടുക്കുന്നതിന് വീട്ടിലെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. പുതപ്പും അത്യാവശ്യം മരുന്നുമെടുത്ത് ഓട്ടോറിക്ഷയിൽ കയറുന്നതിനിടെ ഉരുൾപൊട്ടലിൽപ്പെട്ട് ഓട്ടോറിക്ഷയും ഡ്രൈവർ ബിജുവുമുൾപ്പെടെ മണ്ണിനടിയിൽപ്പെടുകയായിരുന്നു. ചെറുതോണി പാലം മൂടി വെള്ളം ഒഴുകുകയും, വെള്ളപാാച്ചിലിൽ പ്രധാന റോഡ് തകർന്ന് പോയതോടെ കോളനി ഒറ്റപ്പെടുകയായിരുന്നു. വൈദ്യുതി, കുടിവെള്ളം എന്നിവ നിലയ്ക്കുകയും റോഡുകളും ഇല്ലാതായതോടെ പലരും പട്ടിണയിലായിരുന്നു. ചെറുതോണിയിൽ നിന്ന് വിളിപ്പാടകലെയുള്ള ഗാന്ധിനഗർ കോളനിയിലെ ദുരിത ജീവിതം രണ്ടുദിവസം കഴിഞ്ഞാണ് പുറംലോകമറിയുന്നത്. ഇതേ തുടർന്ന് പലരും സഹായം എത്തിക്കുകയും ക്യാമ്പുകളിലേയക്ക് ഇവരെ പൂർണമായും മാറ്റുകയും ചെയ്യുകയായിരുന്നു. ഇപ്പോൾ വീടുകൾ പോയവരൊഴികെ ബാക്കിയെല്ലാവരും തിരികെയെത്തിച്ചെങ്കിലും പൂർവ്വസ്ഥിതിയിലേയ്ക്ക് ഇനിയും എത്താനായിട്ടില്ല. 38 കുടുംബങ്ങൾക്കാണ് പൂർണമായും വീടു നഷ്ടപ്പെട്ടത്. ഇവരെ ഇപ്പോൾ വാഴത്തോപ്പ് കെ.എസ്.ഇ.ബി കോളനിയിലെ ക്വാർട്ടേഴ്സുകളിൽ താമസിപ്പിച്ചിരിക്കുകയാണ്. കോളനിയിൽ നിലവിലുള്ളവർക്ക് പണിയില്ലാതായതോടെ പലരും പട്ടിണിയിലുമാണ്. 1986 ൽ ഇടുക്കിയിലുണ്ടായ പ്രളയക്കെടുതിയിൽ ചെറുതോണി ഇടുക്കി റോഡുസൈഡിൽ താമസിച്ചിരുന്നവർക്ക് താമസിക്കുന്നതിനായി നർമിച്ചു നൽകിയ കോളനിയാണ് ഗാന്ധിനഗർ കോളനി. 89 കുടുംബങ്ങൾക്കാണ് അക്കാലത്ത് വീടു നൽകിയത്. ഇപ്പോൾ കോളനിയിൽ 560 കടുംബങ്ങളുണ്ട്. ഉരുൾപൊട്ടിയ സ്ഥലത്ത് ഇനിയും അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇവിടെ ഇനിയും വീടുകൾ നിർമിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. വീടുപോയവർക്ക് സ്ഥലവും വീടും നൽകന്നതിന് പത്തുലക്ഷം രൂപ വീതം സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും എല്ലാവർക്കും തുക ലഭിച്ചിട്ടില്ല. പട്ടയസ്ഥലം കണ്ടെത്തി സ്വന്തംപേരിൽ വാങ്ങിയാൽ ആറു ലക്ഷം രൂപയും വീടു വയ്ക്കുന്നതിന് നാലുലക്ഷം രൂപയുമാണ്. നൽകുന്നത്. എന്നാൽ സർക്കാരിന്റെ നിബന്ധനകൾ പാലിക്കാൻ കഴിയാത്തതാണ് ആനുകുല്യങ്ങൾ എല്ലാവർക്കും ലഭിക്കാത്തതെന്ന് പറയുന്നു.