ഇടുക്കി : കഴിഞ്ഞ രണ്ട് മഴക്കാലങ്ങളിലും മൂന്നാറിൽ പ്രളയമെത്തിയതോടെ പുഴയുടെ ഒഴുക്കിന് തടസ്സമായിട്ടുള്ള കൈയ്യേറ്റങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങി റവന്യൂ വകുപ്പ്. ദേവികുളം സബ് കളക്ടർ ഡോ.രേണുരാജിന്റെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിക്കുക. കഴിഞ്ഞ പ്രളയക്കാലത്തിന് സമാനമായി ഇക്കുറിയും മുതിതിരപ്പുഴയാർ കരകവിഞ്ഞതോടെ പഴയമൂന്നാറിൽ വെള്ളക്കെട്ട് രൂപപ്പെടുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കാൻ സബ് കളക്ടർ ശ്രമം ആരംഭിച്ചിരിക്കുന്നത്. മൂന്നാർ ടൗണിലും പഴയമൂന്നാറിൽ പുഴയുടെ ഒഴുക്കിന് തടസ്സം സ്യഷ്ടിക്കുന്ന വിധത്തിൽ നിർമ്മാണം നടത്തിയവ പൊളിച്ചുനീക്കുമെന്ന് സബ് കളക്ടർ അറിയിച്ചു. നടപടിയുടെ ഭാഗമായി പുഴയോരത്തെ അനധിക്യത കെട്ടിടങ്ങളുടെ ലിസ്റ്റുകൾ തയ്യറാക്കാൻ മൂന്നാർ തഹസിൽദ്ദാരെ നിയോഗിച്ചിട്ടുണ്ട്.