മുട്ടം :വിദേശ ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് പിന്നിടുന്ന വേളയിലും രാജ്യത്ത് പലവിധ അസ്വാതന്ത്ര്യങ്ങൾ നിലനിൽക്കുന്നതായി ജില്ലാ സെഷൻസ് ജഡ്ജി മുഹമ്മദ് വസീം.അവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മാലിന്യത്തിൽ നിന്നുമുള്ളത്.ആ സ്വാതന്ത്യം പക്ഷേ നമ്മുടെ കൂട്ടുത്തരവാദിത്തത്വത്തിലൂടെ മാത്രമേ നേടാനാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുട്ടം കോടതി അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ കോടതിയുൾപ്പടെ പരിസരത്തെ സ്‌കൂളുകളുടെയും കോളജുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ഗ്രീൻപ്രോട്ടോക്കോൾ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹരിതകേരളം മിഷന്റെ ''മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം'' രണ്ടാംഘട്ടത്തിന്റെ ഭാഗമായ ഹരിതനിയമനടപടികളെ സംബന്ധിച്ച വാർഡ് തല പരിശീലനത്തിന്റെ ജില്ലാ തല ഉദ്ഘാടനവും മുഹമ്മദ് വസീം നിർവഹിച്ചു.വാർഡിലെ 50 പേർക്കാണ് ഹരിത നിയമത്തിൽ പ്രഥമപരിശീലനം നൽകിയത്.കോടതി വളപ്പിൽ ഹരിത കേരളം ''പച്ചത്തുരുത്തി''ന്റെ ഉദ്ഘാടനം വൃക്ഷത്തൈ നട്ടുകൊണ്ട് അദ്ദേഹം നിർവഹിച്ചു.ജില്ലാ ഹരിതകേരളവും മുട്ടം ഗ്രാമപ്പഞ്ചായത്തും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. ജി എസ് മധു ആമുഖ പ്രഭാഷണം നടത്തി.മുട്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ,ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ദിനേശ് എം പിള്ള, ജില്ലാ പ്ലാനിംഗ് ഓഫിസർ കെ കെ ഷീല, ബാർ അസോസിയേഷൻ പ്രസിഡന്റ് ജോളി ജയിംസ്,അസി.ഫോറസ്റ്റ് കൺസർവേറ്റർ സാബി വർഗീസ്,കുടംബശ്രീ ജില്ലാ അസി.കോർഡിനേറ്റർ പി കെ ഷാജിമോൻ,കാർമൽ പ്രോവിൻസ് പ്രോവിൻഷ്യൽ ഫാ. പോൾ പറക്കാട്ടേൽ,വാർഡ് മെംബർ ഔസേപ്പച്ചൻ ചാരക്കുന്നത്ത് സംസാരിച്ചു.ബാർ അസോസിയേഷൻ സെക്രട്ടറി അരുൺ ചെറിയാൻ സ്വാഗതവും സി എ സജീവൻ നന്ദിയും പറഞ്ഞു.മൂവാറ്റുപുഴ കാർമൽ പ്രോവിൻസ് സൗജന്യമായി ലഭ്യമാക്കിയ ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റുകളുടെ വിതരണവും ഇതോടനുബന്ധിച്ചു നടന്നു.