രാജാക്കാട് : ശാന്തൻപാറ ബി.എൽ റാവിൽ അപകടകാരികളായ ഒറ്റയാൻമാർ വീടുകളുടെ പരിസരങ്ങളിൽ നിലയുറപ്പിക്കുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. പുരയിടങ്ങളിൽ നിൽക്കുന്ന വാഴയും തെങ്ങും ഏലവും ഉൾപ്പെടെയുള്ള വിളകൾ വ്യാപകമായി നശിപ്പിക്കുന്നുമുണ്ട്. ശല്ല്യപ്പെടുത്തിയാൽ വീട് ആക്രമിക്കുമെന്ന ഭീതിയിൽ പടക്കം പൊട്ടിച്ച് ഓടിച്ച് വിടാൻ പോലും നാട്ടുകാർക്ക് സാധിക്കുന്നില്ല. പള്ളിവാതുക്കൽ സോജൻ, എൻ. സെൽവരാജ്, ഈശ്വരൻ, സോളമൻ, എൻ. വി പൗലോസ്, ചേർത്തലയ്ക്കൽ ജോബി തുടങ്ങിയവരുടെ വീടുകൾക്ക് സമീപമാണ് പതിവായി എത്തുന്നത്.
2017 ജൂൺ 9 ന് ഒട്ടോ റിക്ഷാ ഡ്രൈവർ സുനിൽ ജോർജ്ജിനെ കൊലപ്പെടുത്തിയ മുട്ടവാലൻ എന്ന് നാട്ടുകാർ വിളിക്കുന്ന ഒറ്റയാനാണ് വൈകുന്നേരങ്ങളിൽ വീടുകളുടെ പരിസരത്ത് എത്തുന്നത്. പിറ്റേന്ന് രാവിലെ ഏഴോടുകൂടിയേ തിരികെ പോകാറുള്ളു. ആനയുടെ മസ്തകത്തിലും വലത് കയ്യുടെ മുകളിലും മുറിവുകളുണ്ട്. പ്രദേശത്തെ വനഭാഗത്തായി രണ്ട് കൊമ്പൻമാർ കൂടി തങ്ങുന്നുണ്ട്. ഇവയുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റതാകാമെന്നാണ് നാട്ടുകാർ കരുതുന്ന. കൃഷിയിടങ്ങളിലെ വാഴ, ചക്ക എന്നിവ ആന വ്യാപകമായി തിന്ന് നശിപ്പിക്കുന്നുണ്ട്. കുരുമുളക് ചെടികളും ഏലവും ഉൾപ്പെടെയുള്ള വിളകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. വീടുകൾക്ക് അഞ്ചടി അടുത്തുവരെ എത്തുന്നതിനാൽ താമസക്കാർ കടുത്ത ഭീതിയിലാണ്. സന്ധ്യ ആയാൽ പുറത്തേയ്ക്ക് ഇറങ്ങാൻ പറ്റാത്ത സാഹചര്യമുണ്ട്. കഴിഞ്ഞ ദിവസം ചെമ്പകത്തൊഴുക്കുടിയിലെ സരിത എന്ന പെൺകുട്ടി ഒറ്റയാന്റെ ആക്രമണത്തിൽ നിന്നും ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപെട്ടത്. ഒരു ബന്ധുവിനൊപ്പം കുളത്തിലെ വെള്ളം നോക്കാൻ പോകുന്നതിനിടെ ഇരുവരെയും ആന ആക്രമിച്ചു. ഓടി രക്ഷപെടുന്നതിനിടെ കാൽ വഴുതി നിലത്ത് വീണ പെൺകുട്ടിയുടെ അടുത്തുവരെ ആന എത്തിയപ്പോൾ കയ്യിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് പുട്ടി വലിച്ചെറിഞ്ഞ് ശ്രദ്ധ തിരിച്ചശേഷം എഴുന്നേറ്റ് വീണ്ടും ഓടി. ഇതിനിടെ കാലിടറി രണ്ടാമതും വീണു. പിൻതുടർന്ന് എത്തിയ ഒറ്റയാൻ ഒരു മരത്തിൽ ഇടിച്ച് നിന്നതിനാൽ മാത്രമാണ് വീണ്ടും ഓടി രക്ഷപെടാൻ സാധിച്ചത്. വനപാലകരം വാച്ചർമാരും സ്ഥലത്ത് എത്തുന്നുണ്ടെങ്കിലും,ജനവാസ കേന്ദ്രത്തിൽ ആയതിനാൽ ആനകളെ തുരത്തി അകറ്റാൻ സാധിയ്ക്കുന്നില്ല.
ഫോട്ടോ : ബി. എൽ റാവിൽ പള്ളിവാതുക്കൽ സോജന്റെ വീടിന് സമീപം നിലയുറപ്പിച്ച ഒറ്റയാൻ.