രാജാക്കാട് : 60 ഏക്കർ ബി.ഡിവിഷൻ റോഡിൽ വൻ വിള്ളൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന മുട്ടുകാട് പീക്ക് ഭാഗത്ത് മന്ത്രി എം. എം മണി സന്ദരശനം നടത്തി. അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് നടക്കുന്നതെന്ന ആക്ഷേപത്തെക്കുറിച്ച് പഠിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും മന്ത്രി ഉറപ്പ് നൽകി. പ്രതികൂലമായ കാലാവസ്ഥയും അനാരോഗ്യവും വകവയ്ക്കാതെ രാവിലെ പത്തേമുക്കാലോടെയായിരുന്നു മന്ത്രി മലമുകളിൽ മല വിണ്ടുകീറുകയും ഇടിഞ്ഞ് താഴുകയും ചെയ്യുന്ന ഭാഗത്ത് എത്തിയത്. പരിസ്ഥിതി പ്രശ്നങ്ങളും അപകട സാദ്ധ്യതയും പരിഗണിയ്ക്കാതെ വൻ സ്‌ഫോടനങ്ങൾ നടത്തി പാറപൊട്ടിച്ചുകൊണ്ട് ഏലമലക്കാട്ടിൽ മലയ്ക്ക് കുറെകെ റോഡ് നിർമ്മിക്കുന്നത് മൂലം കഴിഞ്ഞ വർഷവും, ഇത്തവണയും നിരവധി ഉരുൾപൊട്ടലുകളാണ് ഉണ്ടായത്. താഴ്ഭാഗത്തെ ഇരുനൂറോളം കുടുംബങ്ങളും, നിരവധി ഏക്കർ കൃഷിയിടവും, മുട്ടുകാട് പാടശേഖരവും ഇതോടെ നാശത്തെ അഭിമുഖീകരിക്കുകയാണെന്ന വാർത്തകളെ തുടർന്നായിരുന്നു സന്ദർശനം. പൊട്ടൻകാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷൈലജ സുരേന്ദ്രൻ, പഞ്ചായത്ത് അംഗം അമ്പിളി എന്നിവരുംമന്ത്രിയെ അനുഗമിച്ചു.
ഫോട്ടോ- റോഡിൽ വിള്ളൽ ഉണ്ടായ മുട്ടുകാട് മന്ത്രി എം. എം മണി സന്ദർശിക്കുന്നു.